കള്ളപ്പണം വെളുപ്പിക്കൽ കേസ്: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു, വന്‍ പ്രതിഷേധം
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ചെന്നൈയിലെ മന്ത്രിയുടെ വീട്ടിൽ നടന്ന 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിഎംകെ നേതാക്കളും പ്രവർത്തകരും വലിയ പ്രതിഷേധം നടത്തുന്നത് മുന്നില്‍ കണ്ട് ആശുപത്രിയിൽ വൻസുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
മന്ത്രിയെ പരിശോധിക്കുന്നതിന് വേണ്ടി ഡല്‍ഹി എയിംസില്‍ നിന്നുള്ള ഡോക്ടർമാർ ഇന്ന് ചെന്നൈയിലെത്തും. ചോദ്യം ചെയ്യുന്നതിനോടൊപ്പം തന്നെ തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലുമുള്‍പ്പടെ ആറ് സ്ഥലങ്ങളില്‍ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡിഎംകെ നേതൃത്വം രംഗത്തെത്തി. ബാലാജിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നാണ് പാർട്ടിയുടെ ആരോപണം. യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ, ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇവി വേലു തുടങ്ങിയ നേതാക്കള്‍ സെന്തില്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ബി.ജെ.പിയുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ലെന്നും നിയമപരമായ വഴിയിലൂടെ പാർട്ടി നീങ്ങുമെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ മന്ത്രിയുടെ അറസ്റ്റിനെ നരേന്ദ്ര മോദി സർക്കാരിന്റെ 'ഭീഷണിപ്പെടുത്തൽ തന്ത്രം' എന്ന് വിശേഷിപ്പിച്ച് രംഗത്ത് വന്നു. 2011-ൽ സെന്തിൽ ബാലാജി ഗതാഗത മന്ത്രിയായിരിക്കെ നടന്നതായി പറയപ്പെടുന്ന തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇഡി നടപടിയെന്നാണ് സൂചന.
നേരത്തെ എഐഎഡിഎംകെ നേതാവും കാരൂർ ജില്ലയിലെ പാർട്ടിയുടെ ശക്തനുമായിരുന്നു സെന്തില്‍ ബാലാജി. 2011-15 കാലയളവില്‍ ജയലളിത സർക്കാറില്‍ മന്ത്രിയായിരുന്ന ഇദ്ദേഹം പിന്നീട് ഡിഎംകെയില്‍ ചേരുകയായിരുന്നു. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ജോലിക്കായി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മന്ത്രിക്കെതിരായ പ്രധാന ആരോപണം. "എല്ലാ കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥൻ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകണം" എന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം സുപ്രീം കോടതി തുടർ അന്വേഷണത്തിന് അനുമതി നൽകിയതോടെയാണ് മന്ത്രിക്കെതിരായ നടപടി ഇഡി ശക്തമാക്കിയത്.












Click it and Unblock the Notifications