'ബിജെപിയിൽ ചേരാം, പക്ഷേ..'; നേതൃത്വത്തിന് മുന്നിൽ സുമലതയുടെ ഡിമാന്റ് ഇങ്ങനെ, മകനും സീറ്റ്?
മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലതയും ബി ജെ പിയിൽ എത്തിയേക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മൈസൂർ മേഖലയിൽ ഇത്തവണ വലിയ നേട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. ഇതിൻറെ ഭാഗമായി നിരവധി പ്രമുഖരെ മറ്റു പാർട്ടികളിൽ നിന്നടക്കം ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചിരുന്നു.മേഖലയിൽ സ്വാധീനമുള്ള ചില സാമുദായിക പ്രമുഖരെ പാർട്ടിയിലെത്തിക്കാനും ബി ജെ പിക്ക് സാധിച്ചു.
ഉടൻ തന്നെ മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലതയും ബി ജെ പിയിൽ എത്തിയേക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മൈസൂർ സന്ദർശന ദിവസം സുമലതയും പാർട്ടിയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബി ജെ പിയുടെ പരസ്യ പിന്തുണയോടെ
അന്തരിച്ച മുൻ എംപി അംബരീഷിന‍്റെ ഭാര്യ കൂടിയായ സുമലത അദ്ദേഹത്തിന്റെ മരണ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2018 ൽ ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി ജെ ഡി എസ് കോട്ടയിൽ സുമതല വൻ വിജയം നേടി. അന്ന് ബി ജെ പിയും കോൺഗ്രസും തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ബി ജെ പിയുടെ പരസ്യ പിന്തുണയും കോൺഗ്രസിന്റെ രഹസ്യ പിന്തുണയും അവർക്കുണ്ടായിരുന്നു.

നരേന്ദ്ര മോദിയുടെ പരിപാടിയിൽ വെച്ച്
മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സുമലത ബി ജെ പിയിൽ ചേരുമെന്നാണ് ഇപ്പോൾ അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. നേരത്തേ തന്നെ ഇത്തരം വാർത്തകൾ ചൂട് പിടിച്ചിരുന്നു. അമിത് ഷായുടേയും ബി ജെ പിയുടേയെല്ലാം പരിപാടികളിൽ സുമലതയുടെ ചിത്രങ്ങൾ ഉൾപ്പെട്ടതോടെയായിരുന്നു അന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. പക്ഷേ ബിജെപി പ്രവേശന വാർത്ത അവർ തള്ളുകയാണ് ഉണ്ടായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ വെച്ച് സുമലത ബി ജെ പിയിൽ ഔദ്യോഗികമായി ചേരുമെന്നാണ് വാർത്തകൾ .

ബി ജെ പിയെ വലിയ നേതാക്കൾ വരുമ്പോൾ
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്ന മാർച്ച് 11 ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുമലതയുടെ തിരഞ്ഞെടുപ്പ് ഏജന്റും അംബരീഷിന്റെ മരുമകനുമായ എംഎ മദൻ കുമാർ ഇത്തരം വാർത്തകൾ തള്ളുകയാണ്. ബി ജെ പിയെ വലിയ നേതാക്കൾ വരുമ്പോൾ ഇത്തരത്തിലുള്ള വാർത്തകൾ പതിവാണെന്നും പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും മദൻകുമാർ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. പാർട്ടികളിൽ നിന്നും കൃത്യമായ അകലം സൂക്ഷിച്ച് തന്നെ മുന്നോട്ട് പോകാനായിരിക്കും സുമലതയുടെ തീരുമാനം മദൻകുമാർ പറഞ്ഞു.

ബി ജെ പിയിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ
അതേസമയം സുമലതയെ ബി ജെ പിയിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണഅ ഇപ്പോഴും ബി ജെ പി. അവർ പാർട്ടിയിൽ ചേരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അതേസമയം ഔദ്യോഗിക പാർട്ടി പ്രവേശനം എന്നാകുമെന്ന് പറയാനാകില്ലെന്നും ബി ജെ പി വൃത്തങ്ങൾ പറഞ്ഞു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നയിക്കുന്ന വിജയ് സങ്കൽപ യാത്ര മാണ്ഡ്യയിൽ എത്തിയതിന് ശേഷമായിരിക്കും സുമതല ബി ജെ പിയിൽ എത്തിയേക്കുകയെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു.

ബിജെപിക്ക് മുൻപിൽ ഉപാധി വെച്ച് സുമലത
അതിനിടെ മകന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റിനായി സുമലത വിലപേശൽ തുടരുകയാണെന്നു ബി ജെ പി നേതാക്കൾ പറയുന്നു. നടനും മകനുമായ അഭിഷേകിന് മഡ്ഡൂർ നിയമസഭ സീറ്റും തനിക്ക് മാണ്ഡ്യ ലോക്സഭ സീറ്റും വേണമെന്നാണത്രേ സുമലത ബി ജെ പിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ലെന്നും ഒരു സീറ്റ് മാത്രമേ അനുവദിക്കൂവെന്നാണ് നേതൃത്വം അറിയിച്ചതെന്നുും ബി ജെ പി നേതാക്കളെ ഉദ്ദരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications