'ഹലോ സണ്ണി ഡിയോള്‍ അല്ലേ?' എംപിയെ നട്ടപാതിരക്ക് ചീത്ത വിളിച്ച് ജനം,പക്ഷേ നട്ടം തിരഞ്ഞ് മുംബൈ സ്വദേശി
മുബൈ: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് നടനായ സണ്ണി ഡിയോള്‍. എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും താരം മണ്ഡലത്തിലേക്ക് തിരിഞ്ഞ് നേക്കുന്നില്ലെന്ന പരാതി ശക്തമാണ്. ഇതോടെ മണ്ഡലത്തിലെത്താന്‍ ആവശ്യപ്പെട്ട് എംപിയെ ഫോണില്‍ വിളിക്കുന്നവര്‍ കുറവല്ല. എന്നാല്‍ സണ്ണിയ്ക്ക് പകരം ജനത്തിന്‍റെ വിളിയെത്തുന്നത് മുംബൈ സ്വദേശിയായ മറ്റൊരാളുടെ നമ്പറിലാണ്. ലോക്സഭ സൈറ്റില്‍ എംപിയുടെ നമ്പറിന് പകരം മുംബൈ സ്വദേശിയുടെ നമ്പര്‍ തെറ്റായി ചേര്‍ത്തതാണ് ഈ തൊല്ലയ്ക്ക് കാരണം.

മുംബൈ സ്വദേശിയായ പ്രശാന്ത് മിശ്രയെന്ന ആള്‍ക്കാണ് സണ്ണി ഡിയോള്‍ അല്ലേ എന്ന് ചോദിച്ച് ദിവസവും ഫോണ്‍കോളും വാട്സ് ആപ്പ് സന്ദേശങ്ങളും ലഭിക്കുന്നത്. ചിലപ്പോള്‍ നട്ടപ്പാതിരയ്ക്ക് വരെ വിളിച്ച് മണ്ഡലത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ ചീത്ത വിളിക്കാറുണ്ടെന്ന് പ്രശാന്ത് മിശ്ര പറയുന്നു. താങ്കളെ തിരഞ്ഞെടുത്ത് ജനങ്ങള്‍ വലിയ തെറ്റ് ചെയ്തുവെന്നാണ് ചിലര്‍ പറയുന്നതെന്നും പ്രശാന്ത് പറഞ്ഞു.
മണ്ഡലത്തില്‍ നിന്നുള്ളവര്‍ അല്ലാതെ അദ്ദേഹത്തിന്‍റെ ആരാധകരും ഫോണില്‍ വിളിക്കാറുണ്ടെന്ന് പ്രശാന്ത് മിശ്ര. ചിലര്‍ ചാന്‍സ് ചോദിച്ച് വിളിക്കും. ചിലര്‍ക്ക് സണ്ണി ഡിയോളിനെ നേരിട്ട് കാണണമെന്നാണ് ആവശ്യം.
കഴിഞ്ഞ വര്‍ഷമാണ് പ്രശാന്ത് മിശ്ര പുതിയൊരു നമ്പര്‍ എടുത്തത്. ലോക്സഭ സൈറ്റില്‍ സണ്ണി ഡിയോള്‍ എംപിയുടെ നമ്പറായി പ്രശാന്തിന്‍റെ നമ്പര്‍ നല്‍കുകയായിരുന്നു. സംഭവം തലവേദനയായതോടെ നമ്പര്‍ സൈറ്റില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് പ്രശാന്ത് അധികാരികളെ സമീപിച്ചിട്ടുണ്ട്. നമ്പര്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായി സണ്ണി ഡിയോളിന്‍റെ അസിസ്റ്റന്‍റ് നിരഞ്ജന്‍ വിദ്യാസാഗറും അറിയിച്ചു.
ചെന്നിത്തലയും മുല്ലപ്പള്ളിയും ഇറങ്ങി, അടൂര്‍ പ്രകാശിനെ മെരുക്കി, ആവേശം വീണ്ടെടുത്ത് കോണ്‍ഗ്രസ്












Click it and Unblock the Notifications