സിബിഐ മേധാവി സുബോധ് കുമാർ ജയ്സ്വാളിന് സമന്‍സ് അയച്ച് മുംബൈ പോലീസ് സൈബർ സെൽ
ദില്ലി: സിബിഐ മേധാവി സുബോധ് കുമാർ ജയ്സ്വാളിന് സമന്‍സ് അയച്ച് മുംബൈ പോലീസ് സൈബർ സെൽ. ഫോൺ-ടാപ്പിംഗ്, ഡാറ്റാ ചോർച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് സിബിഐ മേധാവിയെ പൊലീസ് വിളിച്ച് വരുത്തിയത്. അടുത്ത വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് ഒരു ഇ-മെയിൽ വഴി സിബിഐ മേധാവിക്ക് അയച്ചെന്നാണ് മുംബൈ പോലീസ് ഞായറാഴ്ച വ്യക്തമാക്കിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോൾ മഹാരാഷ്ട്രയിലെ പോലീസ് ട്രാന്‍സ്ഫറുകളില്‍ അഴിമതി ആരോപിക്കപ്പെട്ട് ഐപിഎസ് ഓഫീസറായ രശ്മി ശുക്ല തയ്യാറാക്കിയ റിപ്പോർട്ടിന്റെ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കേസിലാണ് നടപടി
കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ജയ്സ്വാൾ മഹാരാഷ്ട്ര പൊലീസിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നു. അന്വേഷണത്തിനിടെയാണ് മുതിർന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ അനധികൃതമായി ടാപ്പുചെയ്‌തതായും റിപ്പോർട്ട് മനഃപൂർവ്വം ചോർത്തിയതായുമുള്ള ആരോപണം ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ സൈബർ സെൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ശുക്ലയുടെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ പേര് ഉണ്ടായിരുന്നില്ല.

മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജയ്സ്വാൾ ഈ വർഷം മേയിലാണ് രണ്ട് വർഷത്തെ കാലയളവിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മേധാവിയായി നിയമിതനായത്. മുംബൈ പോലീസിലെ ഉന്നത പദവി വഹിച്ച അദ്ദേഹം പിന്നീട് ഈ വർഷം ആദ്യം കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനായി വിളിക്കുന്നതിനുമുമ്പ് മഹാരാഷ്ട്രയിലെ പോലീസ് മേധാവിയുമായിരുന്നു. അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയ്ക്കായിരുന്നു പുതിയ ഡയറക്ടര്‍ വരുന്നത് വരെ സിബിഐയുടെ ചുമതല. 2006ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച സംഘത്തില്‍ മഹാരാഷ്ട്ര പോലീസ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ: യുഡിഎഫ് വിടാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു: ജോസ് കെ മാണി
മുംബൈ ഭീകര വിരുദ്ധ സേനയുടെ ഭാഗമായിരുന്ന ഇദ്ദേഹം 2008 ല്‍ 'റോ'യിൽ ഡപ്യൂട്ടേഷനിലെത്തി. 2018 ജൂലൈയിലാണു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പ്രത്യേക ആവശ്യപ്രകാരം സംസ്ഥാന സേനയിലേക്ക് തിരികെയെത്തി. ഫട്നാവിസുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന സുബോധ് കുമാർ പക്ഷേ, മഹാരാഷ്ട്ര വികാസ് അഘാഡിയുമായി അത്ര സുഖത്തിലായിരുന്നില്ല. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയിൽ ആഭ്യന്തര വകുപ്പുമായി ഇടയുന്നത്.












Click it and Unblock the Notifications