എഞ്ചിൻ പരീക്ഷണത്തിനിടെ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചു; 13 മരണം
മുംബൈ: എഞ്ചിൻ പരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് 13 മരണം. മുംബൈ തീരത്താണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് നീൽകമൽ എന്ന യാത്രാ ബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചത്.
110 പേരാണ് യാത്രാ ബോട്ടിൽ ഉണ്ടായിരുന്നത്. 3 പേരുടെ നില ഗുരുതകമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എവിഫന്റ ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു യാത്ര ബോട്ട്. സ്പീഡ് ബോട്ട് കടലിൽ സിഗ് സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേൺ ചെയ്ത് യാത്ര ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിക്കുന്ന വീഡിയോ പുറത്ത് വന്നത്.

നാവികസേന ബോട്ടിന്റെ എഞ്ചിൻ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാവിക സേനയുടെ ബോട്ടിൽ 2 നാവിക സേനാംഗങ്ങളും എൻഞ്ചിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉൾപ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്.
രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ത്യൻ നാവിക സേനയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 11 നേവി ബോട്ടുകളും മറൈൻ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നാല് ഹെലികോപ്റ്ററുകൾ ഉണ്ട്. പോലീസ് , ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റ് പ്രവർത്തകർ, പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications