റോഡിലെ അടിപിടിക്കിടെ കൊലപാതകം: കോടതിയില്‍ കീഴടങ്ങി സിദ്ധു, ഇനി ഒരു വർഷം തടവ്
ന്യൂഡൽഹി: 34 വർഷം മുമ്പ് റോഡിലെ അടിപിടില്‍ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ കോടതിയില്‍ കീഴടങ്ങി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് പി സി സി മുന്‍ അധ്യക്ഷനുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബിലെ പട്യാലയിലെ കോടതിയിലാണ് സിദ്ധു കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാൽ കീഴടങ്ങാൻ ഏതാനും ആഴ്ചകൾ കൂടി അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
'നടിക്ക് വേണ്ടി സംസാരിക്കുന്നവരില്‍ മാന്യരില്ല': ബൈജുവിന് സ്ത്രീകളോട് ബഹുമാനമില്ലെന്നും ശാന്തിവിള
കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഇതേ തുടർന്നായിരുന്നു സിദ്ധുവിന്റെ കീഴടങ്ങല്‍. മുതിർന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയായിരുന്നു സിദ്ധുവിന് വേണ്ടി കോടതിയില്‍ ഹാജരായത്.
നിയമത്തിന്റെ മഹത്വത്തിന് കീഴടങ്ങുമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിന് ശേഷം സിദ്ധു ഇന്നലെ ട്വീറ്റ് ചെയ്തത്. സംസ്ഥാന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ദയനീയമായ പരാജയത്തിന് ശേഷം അടുത്തിടെ പഞ്ചാബ് പി സി സി അധ്യക്ഷസ്ഥാനം രാജിവച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ഒരു വർഷത്തെ തടവാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നത്. സിദ്ദുവിന്റെ സമയാഭ്യർത്ഥനയെ എതിർത്ത് പഞ്ചാബ് സർക്കാറിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ശക്തമായ വാദങ്ങളായിരുന്നു കോടതിയില്‍ നടത്തിയത് "34 വർഷം എന്നതിനർത്ഥം കുറ്റകൃത്യം മരിക്കുമെന്ന് അർത്ഥമാക്കുന്നില്ല. ഇപ്പോൾ വിധി പ്രസ്താവിക്കപ്പെടുന്നു, അവർക്ക് വീണ്ടും മൂന്ന്-നാല് ആഴ്ചകൾ വേണം എന്ന് പറയുന്നതിലെ അടിസ്ഥാനമെന്താണ്."- പഞ്ചാബ് സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു. പ്രതി കോടതിയില്‍ കീഴടങ്ങുമെന്നും സമയം അനുവദിക്കേണ്ടത് കോടതിയുടെ വിവേചനാധികാരമാണെന്നുമായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ വാദം. അതേസമയം ചീഫ് ജസ്റ്റിസിന് മുമ്പാകെ അപേക്ഷ നല്‍കാനായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കറുടെ നിർദേശം.
ഇതാണ് ശരിക്കും 'ജില്‍ ജില്‍' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ
1988ൽ സിദ്ദുവും സുഹൃത്തും ചേർന്ന് മർദ്ദിച്ചതിനെ തുർന്ന് മരിച്ച വ്യക്തിയുടെ കുടുംബം നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പ്രസ്താവിച്ചത്. കുറ്റവിമുക്തനാക്കിയ സുപ്രീം കോടതിയുടെ 2018ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കഠിനമായ ശിക്ഷ നൽകണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. 1988 ഡിസംബർ 27ന് പാട്യാല നിവാസിയായ ഗുർനാം സിംഗുമായി പാർക്കിംഗിനെ ചൊല്ലി സിദ്ധു തർക്കത്തിലേർപ്പെടുകയായിരുന്നു. സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിംഗ് സന്ധുവും ചേർന്ന് ഗുർനാം സിങ്ങിനെ കാറിൽ നിന്ന് വലിച്ചിറക്കി തല്ലുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച് അദ്ദേഹം മരിക്കുകയും ചെയ്തു. ഗുർനാം സിങ്ങിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.
ഒരാളെ മനപ്പൂർവ്വം ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കുറ്റത്തിന് 1000 രൂപ പിഴയടക്കാൻ 2018-ൽ സുപ്രിംകോടതി സിദ്ദുവിനോട് ഉത്തരവിട്ടിരുന്നു. പിന്നീട്, സ്വന്തം ഉത്തരവ് അവലോകനം ചെയ്ത കോടതി, സിദ്ദുവിനെ ജയിലിലടയ്ക്കുന്നതാണ് "ഉചിതമെന്ന്" എന്ന് പിന്നീട് ഉത്തരവിറക്കുകയായിരുന്നു. ''പിഴയ്‌ക്ക് പുറമേ, ഒരു വർഷത്തെ കഠിനതടവ് ശിക്ഷയും വിധിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു," സുപ്രീം കോടതി പറഞ്ഞു.
തെളിവുകളുടെ അഭാവത്തിൽ 1999-ൽ പ്രാദേശിക കോടതി സിദ്ദുവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2006-ൽ ഹൈക്കോടതി മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സിദ്ധു സുപ്രീംകോടതിയിലെത്തുകയായിരുന്നു. ഇതേ തുടർന്നാണ് 2018 ല്‍ 1000 രൂപപിഴയെന്ന വിധിയുണ്ടാവുന്നത്. എന്നാൽ ഇരയുടെ കുടുംബം 2018ലെ വിധി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഹർജി നല്‍കുകയായിരുന്നു.