വഖഫ് ബില്ലുമായി ബന്ധപ്പെട്ട മുർഷിദാബാദിലെ സംഘർഷം; 12 പേർ കൂടി അറസ്‌റ്റിൽ, വിമർശനം കടുപ്പിച്ച് ബിജെപി
കൊൽക്കത്ത: വഖഫ് ബില്ലുമായി ബന്ധപ്പെട്ട് മുർഷിദാബാദിൽ നടന്ന സംഘർഷത്തിൽ 12 പേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം 150 കടന്നു. മുസ്ലീം ഭൂരിപക്ഷ ജില്ലയിൽ അഞ്ച് കമ്പനി ബിഎസ്‌എഫ് ജവാൻമാറി വിന്യസിച്ചതിനുശേഷം പുതിയ അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. മേഖലയിൽ നിലവിലെ സ്ഥിതി ശാന്തമാണ്.
പ്രദേശത്ത് കേന്ദ്ര സേനയെ ഉടൻ വിന്യസിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ബിഎസ്എഫ് സംസ്ഥാന പോലീസുമായി ഏകോപിപ്പിക്കുമെന്ന് സൗത്ത് ബംഗാൾ ഫ്രോണ്ടിയർ ഐജി കർണി സിംഗ് ശെഖാവത്ത് പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഈ സാഹചര്യത്തിൽ നമ്മൾ അവരോടൊപ്പം പ്രവർത്തിക്കണം. പോലീസിനെ സഹായിക്കാൻ ഞങ്ങളുടെ അഞ്ച് കമ്പനികളെ അയച്ചിട്ടുണ്ട്. സ്വതന്ത്രമായ നടപടിയെടുക്കാനല്ല, പോലീസിനെ സഹായിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്. സംസ്ഥാന പോലീസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും. ഉടൻ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പോലീസിന് കൂടുതൽ കമ്പനികൾ ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ അവരെ നൽകും. എല്ലാ സാഹചര്യങ്ങൾക്കും ബിഎസ്എഫ് തയ്യാറാണ്' അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 പേർ കൊല്ലപ്പെടുകയും 150ലധികം പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് സമാധാനം തിരികെ കൊണ്ടുവരാൻ കേന്ദ്ര സേനയെ വിന്യസിച്ചത്.
അതിനിടെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോലീസ് റെയ്‌ഡുകൾ നടത്തിയിരുന്നു. നേരത്തെ വെള്ളിയാഴ്‌ച രാവിലെയോടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാന ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം, സംഭവത്തിൽ ബിജെപി തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. അക്രമത്തെത്തുടർന്ന് 400ലധികം ആളുകൾ വീടുകൾ വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായതായി ബിജെപി നേതാവും പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഇന്ന് അവകാശപ്പെട്ടു.
ബംഗാളിലെ ടിഎംസി സർക്കാരിന്റെ പ്രീണന രാഷ്ട്രീയം തീവ്രവാദ ഘടകങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. മതഭ്രാന്തന്മാരെ ഭയന്ന് മുർഷിദാബാദിലെ ധുലിയാനിൽ നിന്നുള്ള 400-ലധികം ഹിന്ദുക്കൾയ്ക്ക് നദി കടന്ന് പലായനം ചെയ്യേണ്ടി വന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.












Click it and Unblock the Notifications