255 സീറ്റുകളില്‍ ധാരണയിലെത്തി എംവിഎ സഖ്യം: 65 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ശിവസേന
മുംബൈ: ഏറെ നാള്‍ നീണ്ട് നിന്ന ആശയക്കുഴപ്പത്തിനും പ്രതിസന്ധികള്‍ക്കുമൊടുവില്‍ 255 സീറ്റുകളില്‍ ധാരണയിലെത്തി മഹാരാഷ്ട്രയിലെ എം വി എ സഖ്യം. എന്‍ സി പിയുടെ സീറ്റിന്റെ കാര്യത്തില്‍ നേരത്തെ തീരുമാനമായിരുന്നെങ്കില്‍ വിദർഭ മേഖലയിലെ സീറ്റുകളുടെ കാര്യത്തില്‍ ശിവസേന (യു ബി ടി)ക്കും കോണ്‍ഗ്രസിനും ഇടയില്‍ വലിയ തർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിന് ഇപ്പോഴും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് ആകെയുള്ള 288 മണ്ഡലങ്ങളിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തില്‍ ചർച്ച തുടരുകയും വരും ദിവസങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും മൂന്ന് പാർട്ടികളുടേയും നേതാക്കള്‍ പറഞ്ഞു. മുംബൈയില്‍ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് 85-85-85 എന്ന ഫോർമുലയെക്കുറിച്ച് നേതാക്കള്‍ വ്യക്തമാക്കിയത്. ബാക്കിയുള്ള സീറ്റുകളില്‍ ധാരണയില്‍ എത്തിയ ശേഷം മറ്റ് സഖ്യകക്ഷികളുമായി സംസാരിക്കുമെന്ന് ശിവസേന (യു ബി ടി) നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു.

ശിവസേന (യു ബി ടി)യും കോണ്‍ഗ്രസും 100 സീറ്റുകളിൽ കൂടുതൽ വീതം അവകാശവാദമുന്നയിക്കുന്നാണ് ഇപ്പോഴും പ്രധാന തർക്ക വിഷയമായി നിലനില്‍ക്കുന്നത്. വിദർഭ മേഖലയില്‍ അടക്കം ഇപ്പോഴും തർക്കം പരിഹരിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
"ഇതുവരെ ഒരു സമവായത്തിലെത്തിയിട്ടില്ല. വിദർഭ വിഷയം ഇനിയും പരിഹരിക്കാനുണ്ട്. കൂടാതെ മുംബൈ സീറ്റുകളുടെ കാര്യത്തിലും വീണ്ടും ചർച്ചകൾ നടക്കുന്നുണ്ട്. അതായത് പ്രശ്നങ്ങള്‍ ഇതുവരെ പൂർണ്ണമായി പരിഹരിച്ചിട്ടില്ല" ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
33 സീറ്റുകളിൽ 18 എണ്ണം ചെറിയ സഖ്യകക്ഷികൾക്ക് വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശേഷിക്കുന്ന 15 സീറ്റുകളുടെ കാര്യത്തിലാണ് പ്രധാനമായും തർക്കം നിലനില്‍ക്കുന്നത്. ഈ 15 സീറ്റുകളിൽ 10 എണ്ണം വിദർഭ മേഖലയിൽ നിന്നുള്ളവയാണ്, ബാക്കിയുള്ളവ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും നാസിക്കിലുമാണ്.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശിവസേന
ശിവസേന തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ടോടെ പുറത്തിറക്കി. 65 പേർ അടങ്ങുന്നതാണ് ശിവസേനയുടെ ആദ്യ ഘട്ട പട്ടിക. 15 സിറ്റിംഗ് എം എൽ എമാരിൽ 14 പേരെയും പാർട്ടി വീണ്ടും മത്സരിപ്പിക്കും. മഹാ വികാസ് അഘാഡിയുടെ സംയുക്ത പത്രസമ്മേളനത്തിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പായിരുന്നു ശിവസേനയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.
സെവ്രിയയെ പ്രതിനിധീകരിക്കുന്ന അജയ് ചൗധരി മാത്രമാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏക സിറ്റിംഗ് എംഎൽഎ. ആദിത്യ താക്കറെ വോർലി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും, ആദിത്യയുടെ ബന്ധു വരുൺ സർദേശായി ബാന്ദ്ര ഈസ്റ്റിൽ നിന്നും മത്സരിക്കുമ്പോള്‍ അന്തരിച്ച സേനാ നേതാവ് ആനന്ദ് ദിഗെയുടെ അനന്തരവൻ കേദാർ ദിഗെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കെതിരെ കോപ്രി-പഞ്ച്പഖാഡി മണ്ഡലത്തിൽ മത്സരിക്കും.
മഹിമിൽ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയെ നേരിടാന്‍ മഹേഷ് സാവന്തിനെയാണ് ശിവസേന നിയോഗിച്ചിരിക്കുന്നത്. എം വി എ സഖ്യത്തിനുള്ളില്‍ തർക്കം നിലനില്‍ക്കുന്ന സീറ്റുകളിലും ശിവസേന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാംടെക്ക്, നന്ദ്ഗാവ്, സോലാപൂർ സൗത്ത് തുടങ്ങിയ തർക്ക മണ്ഡലങ്ങളിലാണ് സേനയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. 2022ൽ തങ്ങളുമായി സഖ്യമുണ്ടാക്കിയ ക്രാന്തികാരി ഷേത്കാരി പാർട്ടിയുടെ സിറ്റിങ് എം എൽ എ ശങ്കർറാവു ഗഡഖിന് അഹമ്മദ്നഗറിലെ നെവാസയിൽ നിന്നും ശിവസേന ടിക്കറ്റ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications