'എന്റെ മനോവീര്യം 100 മടങ്ങ് വർധിച്ചു'; ജയിൽ മോചിതനായി കെജ്രിവാൾ, വൻ സ്വീകരണവുമായി പ്രവർത്തകർ
ന്യൂഡൽഹി: ആറ് മാസത്തെ തീവ്ര യജ്ഞങ്ങൾക്ക് ഒടുവിൽ ജയിൽ മോചിതനായി ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. തിഹാർ ജയിലിലാണ് കെജ്രിവാൾ കഴിഞ്ഞിരുന്നത്. ജയിലിന് പുറത്ത് എഎപി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. കനത്ത മഴ സാഹചര്യത്തെയും മൂടിക്കെട്ടിയ കാലാവസ്ഥയെയും വകവെക്കാതെ പ്രവർത്തകർ കരഘോഷവുമായി തങ്ങളുടെ പ്രിയ നേതാവിനെ അവർ സ്വീകരിച്ചു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ എഎപി മേധാവിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാൾ ജയിൽ മോചിതനാവുന്നത്. ഭാര്യ സുനിത കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മന്ത്രി അതിഷി, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഉൾപ്പെടെ മുൻനിര നേതാക്കളാണ് അദ്ദേഹത്തിനെ സ്വീകരിക്കാനായി ജയിലിന് പുറത്ത് കാത്ത് നിന്നത്.

'നിങ്ങളെല്ലാവരും മഴയത്താണ് കൂട്ടമായി വന്നത്, അതിന് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നു, ഈ ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും ഞാൻ നേരിട്ടിട്ടുണ്ട്, പക്ഷേ ഞാൻ സത്യത്തിന്റെ പാതയിൽ നടന്നതിനാൽ ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു' കെജ്രിവാൾ കൂടിനിന്ന പ്രവർത്തകരോടായി പറഞ്ഞു.
'ഈ ആളുകൾ എന്നെ ജയിലിലടച്ചു, എന്റെ മനോവീര്യം തകർക്കാൻ അവർക്ക് കഴിയുമെന്നാവും കരുതിയത്. എന്നാൽ ജയിലിൽ നിന്ന് പുറത്തുവന്നതിന് ശേഷം, എന്റെ മനോവീര്യവും കരുത്തും 100 മടങ്ങ് വർധിച്ചു. ദൈവം കാണിച്ചുതന്ന പാതയിലൂടെ ഞാൻ സഞ്ചരിക്കും, രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കും. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഞാൻ പോരാടും' കെജ്രിവാൾ പ്രസംഗത്തിൽ പറഞ്ഞു.
നേരത്തെ മദ്യനയ അഴിമതിക്കേസിൽ ജൂൺ 26നാണ് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഇതിന് പിന്നാലെ തന്റെ അറസ്‌റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് നടന്ന നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് അദ്ദേഹത്തിന് ഇന്ന് ജാമ്യം ലഭിച്ചത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഫയൽ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂലൈ 12ന് സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ കെജ്രിവാളിന്റെ ജയിൽ മോചനം സാധ്യമായിരുന്നില്ല. ആറ് മാസത്തെ ജയിൽ ജീവിതത്തിന് ശേഷം കൂടുതൽ കരുത്തോടെയാണ് കെജ്രിവാൾ മടങ്ങി വരുന്നതെന്നാണ് ഇന്നത്തെ സ്വീകരണവും അദ്ദേഹത്തിന്റെ പ്രതികരണവും ഒക്കെ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications