പ്രേമചന്ദ്രന്റെ നീക്കം പാളി, ശബരിമല സ്വകാര്യ ബിൽ ലോക്സഭയിൽ ചർച്ച ചെയ്യില്ല, നറുക്കെടുപ്പിലില്ല!
ദില്ലി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി മറികടക്കാനുളള വ്യവസ്ഥകള്‍ അടങ്ങിയ സ്വകാര്യബില്‍ ഈ സമ്മേളന കാലയളവില്‍ ലോക്‌സഭയില്‍ ചര്‍ച്ചയാകില്ല. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന ശബരിമല സ്വകാര്യ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കേണ്ട ബില്ലുകളുടെ നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടില്ല എന്നാണ് കാരണം. പതിനേഴാം ലോക്‌സഭയില്‍ അവതരണാനുമതി ലഭിച്ച ആദ്യത്തെ സ്വകാര്യബില്‍ ആയിരുന്നു എന്‍കെ പ്രേമചന്ദ്രന്റെത്.
ശബരിമല ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്ര ബില്‍ എന്ന പേരിലായിരുന്നു പ്രേമചന്ദ്രന്‍ എംപി ബില്‍ അവതരിപ്പിച്ചത്. പ്രേമചന്ദ്രന്റെ ശബരിമല ബില്‍ അടക്കം 30 സ്വകാര്യ ബില്ലുകളാണ് നറുക്കെടുപ്പിനുണ്ടായത്. നറുക്കെടുപ്പിലൂടെയാണ് ഏതൊക്കെ ബില്‍ അവതരിപ്പിക്കണം എന്ന് തീരുമാനിക്കുക പതിവ്. നറുക്കെടുപ്പില്‍ ഉള്‍പ്പെടാത്തതോടെ ഈ സമ്മേളന കാലയളവില്‍ ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചയായേക്കില്ല.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുളള വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ആ വിധിയെ ബില്ലു കൊണ്ട് മറികടക്കാനുളള സാധ്യത വിരളമാണ് എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബില്‍ പാസ്സായാലും ഇല്ലെങ്കിലും ബിജെപി സര്‍ക്കാര്‍ ബില്ലിനോട് എന്ത് നിലപാട് സ്വീകരിക്കും എന്നതായിരുന്നു ഏവരും ഉറ്റ് നോക്കി കൊണ്ടിരുന്നത്.
ശബരിമല വിഷയത്തിലെ സ്വകാര്യ ബില്ലിനെ ബിജെപി പിന്തുണച്ചേക്കില്ലെന്നും സുപ്രീം കോടതിയെ മറികടക്കാന്‍ സാധിക്കില്ലെന്നും ബിജെപി നേതാവ് രാം മാധവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശബരിമല കേസില്‍ റിവ്യു പെറ്റീഷനുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ശബരിമല ബില്ലിനൊപ്പം എന്‍കെ പ്രേമചന്ദ്രന്റെ തന്റെ മറ്റ് മൂന്ന് ബില്ലുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടില്ല. തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി എന്നീ ബില്ലുകളാണ് നറുക്കെടുപ്പിലുൾപ്പെടാതെ പോയത്.












Click it and Unblock the Notifications