ഒഡീഷ പിടിച്ചെടുക്കണം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി പൂരിയില്‍ നിന്ന് മത്സരിച്ചേക്കും
ഭുവനേശ്വര്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ പുരി മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കും. നിലവില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്നുള്ള ലോക്‌സഭാംഗമായ മോദി 2019 ല്‍ പുരിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്നത് ബിജെപി എംഎല്‍എയായ പ്രദീപ് പുരോഹിതാണ്.
പുരിയില്‍ നിന്ന് മോദി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് 90 ശതമാനം സാധ്യതയുണ്ട്. ഓഡീഷയിലെ ജനങ്ങളും ആഗ്രഹിക്കുന്നത് അതാണ്. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ അദ്ദേഹം ജയിച്ചു. ഇത്തവണ പുരിയിലും അതാവര്‍ത്തുക്കുമെന്ന് പദംപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ പുരോഹിത് വ്യക്തമാക്കി.

ജഗന്നാഥ ക്ഷേത്രത്തിന്റെ സാന്നിധ്യംകൊണ്ട് പ്രശസ്തമായ നഗരമാണ് പുരി. ഓഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയായ ബിജെഡി കഴിഞ്ഞ 20 വര്‍ഷമായി വിജയിച്ചു വരുന്ന മണ്ഡലംകൂടിയാണ് പുരി. എന്നാല്‍ മോദി പുരിയില്‍ മത്സരിക്കുകയാണെങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.
മാത്രവുമല്ല, പുരിയിലെ മോദിയുടെ സാന്നിധ്യം ഓഡീഷയിലെ മറ്റു സീറ്റുകളിലും ബിജെപിക്ക് ഗുണം ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ഓഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുംകൂടി മുന്നില്‍ കണ്ടാണ് മോദിയെ ഒഡീഷയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി നീക്കം നടത്തുന്നത്.












Click it and Unblock the Notifications