ഫ്രാന്‍സിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് നരേന്ദ്ര മോദി: വിരുന്നില്‍ മണിപ്പൂർ ചർച്ചയായില്ല
ദില്ലി: ഫ്രാന്‍സിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി അദ്ദേഹത്തിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ വ്യക്തമാക്കി. കേരളത്തിലുള്‍പ്പെടെ മാർപ്പാപ്പ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.
സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ആദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്.

ക്രിസ്ത്യൻ സമൂഹവുമായി തനിക്ക് "ദീർഘമായതും വളരെ അടുത്തതുമായ" ബന്ധം ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, 2021 ഒക്ടോബറിൽ വത്തിക്കാൻ സിറ്റിയിൽ വെച്ച് പരിശുദ്ധ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു. "ഞാൻ ക്രിസ്ത്യൻ സമൂഹവുമായി ദീർഘമായതും വളരെ അടുത്തതുമായ ബന്ധം പങ്കിടുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലിരിക്കെ, ക്രിസ്ത്യൻ സമൂഹത്തെയും അതിന്റെ നേതാക്കളെയും ഞാൻ പതിവായി കാണാറുണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, എനിക്ക് വിശുദ്ധ മാർപ്പാപ്പയെ കാണാൻ അവസരം ലഭിച്ചു. അത് തീർച്ചയായും എനിക്ക് വളരെ അവിസ്മരണീയമായ ഒരു നിമിഷമായിരുന്നു. ലോകത്തെ മികച്ചതാക്കാൻ, സാമൂഹിക ഐക്യം, ആഗോള സാഹോദര്യം, കാലാവസ്ഥാ വ്യതിയാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം തുടങ്ങിയ വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. "അദ്ദേഹം പറഞ്ഞു.
യേശുക്രിസ്തുവിന്റെ മൂല്യങ്ങൾ ഓർക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു. "ക്രിസ്തുമസ്സ് നാം യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ്; ഇത് യേശുക്രിസ്തുവിന്റെ ജീവിത സന്ദേശങ്ങളും മൂല്യങ്ങളും ഓർക്കാനുള്ള അവസരം കൂടിയാണ്. ഒരു സർക്കാർ എന്ന നിലയിൽ, വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലും എത്തുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഇന്ന്, രാജ്യത്ത് നടക്കുന്ന വികസനത്തിന്റെ നേട്ടങ്ങൾ ക്രിസ്ത്യൻ സമൂഹത്തിലെ ജനങ്ങളിലേക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവരിലേക്കും ദരിദ്രരിലേക്കും എത്തിച്ചേരുന്നു," പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ലെന്നും വിരുന്നില്‍ പങ്കെടുത്തവർ പറഞ്ഞു. വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിൻ്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടെന്നും മതനേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications