ലക്ഷദ്വീപില്‍ ഇനി മുതല്‍ അതിവേഗ ഇന്റർനെറ്റ്: സ്വപ്ന പദ്ധതി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ജനുവരി മൂന്നിന് കേരളത്തില്‍ എത്തുന്ന പ്രധാനന്ത്രി രണ്ട്, മൂന്ന് തിയതികളില്‍ തമിഴ്നാടും ലക്ഷദ്വീപും സന്ദർശിക്കും. ലക്ഷദ്വീപ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഏറ്റവും പ്രധാനം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍ വഴി ലക്ഷദ്വീപുമായി ബന്ധിപ്പിക്കുന്ന, കൊച്ചി - ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (KLI - SOFC) പദ്ധതിയാണ്. ഇതോടെ ദ്വീപ് നിവാസികള്‍ക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമായി തുടങ്ങും.
കൊച്ചി-ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (കെഎല്‍ഐ - എസ്ഒഎഫ്‌സി) പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മ എന്ന വെല്ലുവിളി മറികടക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയും 2020 ഓഗസ്റ്റില്‍ ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പൂര്‍ത്തിയായ ഈ പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ഇതോടെ ഇന്റര്‍നെറ്റ് വേഗത 100 മടങ്ങില്‍ കൂടുതല്‍ (1.7 ജിബിപിഎസില്‍ നിന്ന് 200 ജിബിപിഎസിലേക്ക്) വർധിപ്പിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ടെലിമെഡിസിന്‍, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസ സംരംഭങ്ങള്‍, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ കറന്‍സി ഉപയോഗം, ഡിജിറ്റല്‍ സാക്ഷരത മുതലായവ പ്രാപ്തമാക്കിക്കൊണ്ട് കടലിനടിയിലൂടെയുള്ള സമര്‍പ്പിത ഒഎഫ്സി ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളില്‍ മാതൃകാപരമായ മാറ്റം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുറഞ്ഞ താപനിലയില്‍ കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന നിലയം (എല്‍ടിടിഡി) കദ്മത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലേക്കും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പൈപ്പ് കണക്ഷനുകളും (എഫ്എച്ച്‌ടിസി) പ്രധാനമന്ത്രി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. പവിഴപ്പുറ്റായതിനാല്‍ ഭൂഗര്‍ഭജല ലഭ്യത ലക്ഷദ്വീപില്‍ വളരെ പരിമിതമാണ്. അതിനാല്‍ ലക്ഷദ്വീപ് ദ്വീപുകളില്‍ കുടിവെള്ള ലഭ്യത എപ്പോഴും വെല്ലുവിളിയായിരുന്നു. ദ്വീപുകളുടെ വിനോദസഞ്ചാരശേഷി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ വർധിപ്പിക്കുന്നതിനും ഈ കുടിവെള്ള പദ്ധതികള്‍ സഹായിക്കും.
ഡീസല്‍ അധിഷ്ഠിത ഊര്‍ജ ഉൽപ്പാദന നിലയത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന, ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള, സൗരോര്‍ജ പദ്ധതിയായ കവരത്തിയിലെ സൗരോര്‍ജ നിലയം; കവരത്തിയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബിഎന്‍) കോംപ്ലക്‌സിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പുരുഷന്മാര്‍ക്കായി 80 ബാരക്കും രാജ്യത്തിനു സമർപ്പിച്ചിരിക്കുന്ന മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
കല്‍പേനിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും ആന്‍ഡ്രോത്ത്, ചെത്‌ലാത്ത്, കദ്മത്ത്, അഗത്തി, മിനിക്കോയ് എന്നീ അഞ്ച് ദ്വീപുകളില്‍ അഞ്ച് മാതൃകാ അങ്കണവാടികളുടെ (നന്ദ് ഘര്‍) നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
അതേസമയം, തമിഴ്നാട്ടില്ലെ തിരുച്ചിറപ്പള്ളിയിലെ പൊതുപരിപാടിയിൽ തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1100 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രണ്ട് നിലകളുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ ഏകദേശം 3500 യാത്രക്കാർക്കും സേവനം നൽകാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം അത്യാധുനിക സൗകര്യങ്ങളും സവിശേഷതകളും പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
വിവിധ റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സേലം-മാഗ്നസൈറ്റ് ജംഗ്ഷൻ-ഓമല്ലൂർ-മേട്ടൂർ അണക്കെട്ട് ഭാഗത്തെ 41.4 കിലോമീറ്റർ ഇരട്ടിപ്പിക്കൽ പദ്ധതി; മധുരയിൽ - തൂത്തുക്കുടി 160 കിലോമീറ്റർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി, തിരുച്ചിറപ്പള്ളി-മാനാമധുരൈ-വിരുദുനഗർ, വിരുദുനഗർ - തെങ്കാശി ജംഗ്ഷൻ, ചെങ്കോട്ട - തെങ്കാശി ജങ്ഷൻ - തിരുനെൽവേലി - തിരുച്ചെന്തൂർ റെയിൽ പാത വൈദ്യുതീകരണത്തിനായുള്ള മൂന്ന് പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications