ഇനി ബിജെപിക്ക് പിന്തുണയില്ല, പ്രതിപക്ഷത്തിനൊപ്പം; ഉറച്ചുനില്‍ക്കുമെന്ന് നവീന്‍ പട്‌നായിക്ക്
ഭുവനേശ്വര്‍: ബിജെപിക്കല്ല പ്രതിപക്ഷത്തിനാണ് തങ്ങളുടെ പിന്തുണയെന്ന് നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍. നേരത്തെ ബിജെപിയെ പാര്‍ലമെന്റില്‍ നിര്‍ണായക ബില്‍ പാസാക്കാന്‍ സഹായിച്ചിരുന്നവരാണ് ബിജു ജനതാദള്‍. ആദ്യ രണ്ട് മോദി സര്‍ക്കാരിനും ബിജെഡി പ്രിയപ്പെട്ടവരായിരുന്നു. ഔദ്യോഗികമായി സഖ്യമുണ്ടായിരുന്നില്ലെങ്കിലും മോദി സര്‍ക്കാരിനെ നിര്‍ണായക ഘട്ടങ്ങളില്‍ രാജ്യസഭയില്‍ സഹായിച്ചിട്ടുണ്ട് ബിജു ജനതാദള്‍.
എന്നാല്‍ ഒഡീഷയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുപോലെ തിരിച്ചടിയേറ്റതോടെ നിലപാട് മാറ്റിയിരിക്കുകയാണ് പട്‌നായിക്ക്. ബിജെപിക്ക് ഇനി പിന്തുണയില്ലെന്നും, പ്രതിപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും പട്‌നായിക്ക് വ്യക്തമാക്കി.

കേന്ദ്രത്തിനെ എല്ലാ പ്രശ്‌നങ്ങളിലും മറുപടി പറയാന്‍ ബാധ്യസ്ഥരാക്കും. സംസ്ഥാനത്തിന്റെ വികസനത്തിനും, അതുപോലെ ഒഡീഷയിലെ ജനങ്ങളുടെ ക്ഷേവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബിജെഡി എംപിമാര്‍ ഉന്നയിക്കും. ഒഡീഷയ്ക്ക് അര്‍ഹതപ്പെട്ടതെന്ന് കരുതി ആവശ്യപ്പെട്ട പലതും ലഭിച്ചിട്ടില്ലെന്നും പട്‌നായിക്ക് വ്യക്തമാക്കി.
ഇന്ന് ഭുവനേശ്വര്‍ നവീന്‍ പട്‌നായിക്കും പാര്‍ട്ടിയുടെ ഒന്‍പത് രാജ്യസഭാ എംപിമാരും തമ്മില്‍ കൂടിക്കാഴ്ച്ച നടന്നിരുന്നു. പ്രധാനമായും പാര്‍ട്ടിയുടെ മുന്നോട്ട് പോക്ക് എന്തായിരിക്കുമെന്ന കാര്യങ്ങളാണ് ചര്‍ച്ചയായത്. പാര്‍ലമെന്റില്‍ ഒഡീഷയിലെ നാലര കോടി ജനങ്ങളുടെ ശബദ്മായി മാറുമെന്ന് എംപിമാര്‍ വ്യക്തമാക്കി.
അതേസമയം ബിജെഡിയുടെ തീരുമാനങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ നോക്കി പരാജയപ്പെട്ടിരുന്നു നവീന്‍ പട്‌നായിക്ക്. എന്നാല്‍ സംസ്ഥാനത്തെ അനുകൂല സാഹചര്യം മനസ്സിലാക്കിയ ബിജെപി സംസ്ഥാന നേതൃത്വം സഖ്യത്തെ എതിര്‍ക്കുകയായിരുന്നു.
ഇതോടെ ദേശീയ നേതൃത്വം സഖ്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സഖ്യം വന്നിരുന്നെങ്കില്‍ 15 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമായിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ രാജ്യസഭയിലെത്തിക്കുന്നതില്‍ ബിജെഡിയുടെ അടക്കം അടക്കം നിലപാടുകള്‍ മുമ്പ് നിര്‍ണായകമായിരുന്നു.
ഡല്‍ഹി സര്‍വീസസ് ബില്‍ പാസാക്കാനും, മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെടുത്തുന്നതിലും, നിര്‍ണായകമായ മുത്തലാഖ്, ജമ്മു കശ്മീര്‍ പുനസംഘടന ബില്‍ എന്നിവ പാസാക്കുന്നതിലും അടക്കം ബിജെഡിയുടെ നിലപാട് നിര്‍ണായകമായിരുന്നു.
അതേസമയം ഒഡീഷയ്ക്ക് പ്രത്യേക പദവി വേണമെന്ന് ബിജു ജനതാദള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദരിദ്രദര്‍ക്ക് വീടും വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് പോലുള്ള ആശുപത്രികളും, മികച്ച ദേശീയ പാതകളും ഒഡീഷയ്ക്ക് ആവശ്യമാണ്. കര്‍ഷകര്‍ക്ക് മികച്ച താങ്ങുവിലയും അതുപോലെ ആവശ്യമാണെന്ന് ബിജെഡി പറഞ്ഞു.
നേരത്തെ ഇന്ത്യ സഖ്യവും ബിജെഡിയെ സഖ്യത്തിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ ഇല്ലെന്ന നിലപാടിലായിരുന്നു നവീന്‍ പട്‌നായിക്ക്. ബിജെപിയുമായുള്ള സഖ്യത്തിനായിരുന്നു പട്‌നായിക്ക് പ്രാധാന്യം നല്‍കിയത്. എന്നാല്‍ തോറ്റതോടെ പട്‌നായിക്ക് ദുര്‍ബലനായിരിക്കുകയാണ്. ഒഡീഷയില്‍ ആദ്യമായിട്ടാണ് ഇത്ര വലിയൊരു തോല്‍വി ബിജെഡി നേരിടുന്നത്.












Click it and Unblock the Notifications