മുഖ്യമന്ത്രിയാവണമെങ്കില്‍ 60 എംഎല്‍എമാര്‍ പിന്തുണയ്ക്കണം, സത്യസന്ധനാവണം, ചന്നിക്കെതിരെ സിദ്ദു
ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തില്‍ തുറന്ന പോരുമായി നവജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെങ്കില്‍ ആ വ്യക്തി സത്യസന്ധനായിരിക്കണമെന്ന് സിദ്ദു പറഞ്ഞു. . താനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ എന്ന സൂചനയാണ് സിദ്ദു നല്‍കിയത്. ക്ലീന്‍ റെക്കോര്‍ഡുള്ള ഒരാളാവണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്കുള്ളില്‍ അറുപത് എംഎല്‍എമാരുടെ പിന്തുണയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കുണ്ടാവണം. എങ്കില്‍ മാത്രമേ അത്തരമൊരാളെ ആ സ്ഥാനത്തേക്ക് പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്നും സിദ്ദു വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി എന്നെ വിളിച്ചിരുന്നു. നമ്മള്‍ തോല്‍ക്കുകയാണെന്നും, അദ്ദേഹത്തിന് എന്റെ സേവനം ആവശ്യമുണ്ടെന്നും പഞ്ഞു. തീര്‍ച്ചയായും താന്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. ഒരു നിബന്ധനകളും ഇല്ലാതെയാണ് താന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതെന്നും സിദ്ദു വ്യക്തമാക്കി. അഴിമതിയെ തടയുന്നവരാകണം നമ്മള്‍ എന്ന് രാഹുലിനോട് പറഞ്ഞിരുന്നു. മദ്യമാഫിയയോ, മണല്‍ മാഫിയയോ അഴിമതിയോ ആയി ബന്ധപ്പെട്ടവര്‍ക്ക് ഒരിക്കലും മാറ്റം കൊണ്ടുവരാനാവില്ലെന്നും സിദ്ദു വ്യക്തമാക്കി. എനിക്കൊരിക്കലും ഭയപ്പെടാനാവില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നുമില്ല. പഞ്ചാബിലൊരു മാഫിയയുണ്ട്. അവര്‍ തന്നെ ഭയപ്പെടുന്നുണ്ടെന്നും സിദ്ദു പറഞ്ഞു.
ബിക്രം മജീദിയ അമൃത്സറില്‍ നിന്ന് മത്സരിക്കുന്നതില്‍ ഭയമില്ല. അവര്‍ ഗുണ്ടകളാണ്. മാഫിയയുടെ ഭാഗമാണ് ഈ നേതാക്കള്‍. എന്നെ എങ്ങനെയെങ്കിലും പുറത്താക്കാനാണ് അവരുടെ നീക്കം. ഞാന്‍ മുഖ്യമന്ത്രിയായാല്‍ അതോടെ അവരുടെ കാര്യം പോക്കാണെന്ന് അറിയാം. ഈ പറയുന്ന മജീദിയ നേരത്തെ ചെറിയൊരു കാറില്‍ യാത്ര ചെയ്തിരുന്ന വ്യക്തിയാണ്. ഇന്ന് റേഞ്ച് റോവര്‍ ആഢംബര കാറുകളുടെ വലിയൊരു നിരയാണ് അദ്ദേഹത്തിനുള്ളത്. കോടതിയില്‍ ഇവരൊക്കെ മറുപടി പറയേണ്ടി വരും. അതാണ് ഇവര്‍ തന്നെ ഭയക്കുന്നതെന്നും സിദ്ദു പറഞ്ഞു. തനിക്കെതിരെ ഒരുപാട് ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ആരോപണങ്ങള്‍. ഇതെല്ലാം പാരിതോഷികങ്ങളായിട്ടാണ് താന്‍ കാണുന്നതെന്നും സിദ്ദു പറഞ്ഞു.
അഴിമതിയുടെ ഭാഗമായവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ നമ്മളെ തോല്‍പ്പിക്കും. മാഫിയയുമായി ബന്ധമുള്ളയാള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പാക്കാനാവില്ല. മാഫിയകളുടെ സംരക്ഷകനായ വ്യക്തിക്ക് എങ്ങനെയാണ് അവര്‍ക്കെതിരെ നടപടിയെടുക്കാനാവുക. ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നു. എന്നാല്‍ ആറ് തിരഞ്ഞെടുപ്പുകള്‍ ജയിച്ച എത്ര പേര്‍ മത്സര രംഗത്തുണ്ടെന്നും സിദ്ദു ചോദിച്ചു. ജനങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. സിദ്ദു ഒരു ചെറിയ നേതാവല്ല എന്ന് മാത്രം ഈ അവസരത്തില്‍ പറയുന്നു. എല്ലാവര്‍ക്കും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ലെന്നും സിദ്ദു വ്യക്തമാക്കി.












Click it and Unblock the Notifications