സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ നാവികസേന പിടിച്ചെടുത്തു; ജീവനക്കാർ സുരക്ഷിതർ
ന്യൂഡൽഹി: സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 'എംവി ലില നോർഫോൾക്' എന്ന കപ്പലാണ് നാവിക സേനയുടെ ഇടപെടലിലൂടെ മോചിപ്പിച്ചത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരടക്കമുള്ള 21 ജീവനക്കാർ സുരക്ഷിതരാണ്. സംഭവത്തിന് പിന്നാലെ നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ, സമുദ്ര പട്രോളിംഗ് വിമാനം, ഹെലികോപ്റ്ററുകൾ, പി-8 ഐ, ദീർഘദൂര വിമാനങ്ങൾ, പ്രിഡേറ്റർ എംക്യു 9 ബി ഡ്രോണുകൾ എന്നിവ ഉൾപ്പെടെ മേഖലയിൽ വിന്യസിച്ചിരുന്നു.
എലൈറ്റ് കമാൻഡോകളായ 'മാർക്കോസ്' കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തന സമയത്ത് കപ്പലിൽ കൊള്ളക്കാർ ഉണ്ടായിരുന്നില്ലെന്ന് കമാൻഡോകൾ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയിൽ ആണ് കമാൻഡോകൾ തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. വൈകീട്ട് 3.30ഓടെ കപ്പൽ തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിരുന്നു.

കപ്പൽ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ അതിനുള്ളിലേക്ക് കടന്നിരുന്നു. കപ്പലിന്റെ മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിൽ കടന്നതായി നാവികസേന നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വരികയായിരുന്നു. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിച്ചത്.
സൊമാലിയൻ തീരത്ത് നിന്ന് 300 നോട്ടിക്കൽ മൈൽ അകലെയാണ് വ്യാഴാഴ്‌ച വൈകീട്ട് കപ്പൽ റാഞ്ചിയത്. ആയുധധാരികളായ ആറുപേർ കപ്പലിലേക്ക് കടന്നു കയറുകയായിരുന്നു. സായുധ സംഘം കപ്പിലില്‍ കയറിയതായി ഇന്ത്യന്‍ നാവികസേനയ്ക്ക് യുകെഎംടിഒ പോര്‍ട്ടലില്‍ സന്ദേശം ലഭിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന ഒരു മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് (എം പി എ) വിക്ഷേപിക്കുകയും കപ്പലിനെ സഹായിക്കാന്‍ ഐഎന്‍എസ് ചെന്നൈ വഴിതിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. കപ്പലിൽ 15 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 21 പേരാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications