ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി കണ്ടെത്തി; നയന്‍താരയേയും വിഘ്‌നേഷിനേയും ചോദ്യം ചെയ്‌തേക്കും
ചെന്നൈ: നയൻതാര-വിഘ്നേഷ് താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കഴിഞ്ഞദിവസം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായകമായ കണ്ടെത്തൽ. വാടക ഗർഭധാരണത്തിലൂടെ നയൻതാരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങൾ ജനിച്ച ആശുപത്രി അധികൃതർ കണ്ടെത്തി.
അന്വേഷണത്തിലെ വളരെ സുപ്രധാന കണ്ടെത്തലാണ് ഇത്. ആശുപത്രി അധികൃതരിൽ നിന്ന് ഉടൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ആവശ്യം എങ്കിൽ ദമ്പതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹിതരായി 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും അതനുസരിച്ചാകും തുടർനടപടികളെന്നുമാണ് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞിരിക്കുന്നത്. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.വാടക ഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മ ആയതെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ വിവരം സ്ഥിരീകരിച്ചിരുന്നില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.

ഇരട്ടകുട്ടികൾ ജനിച്ച വിവരം വിഘ്നേശ് പങ്കിട്ടത്. 'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്ന കുറിപ്പോടെയായിരുന്നു കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രം ഉൾപ്പെടെയുള്ള കുറിപ്പ് വിക്കി പങ്കിട്ടത്. ഇതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്.

ഇതിന് പിന്നാലെ സറോഗസി സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു. രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിചുള്ള നിലവിലെ നിയമ പ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമേ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ സാധിക്കൂ. നയൻതാര-വിഘ്നേശ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിവാദം ശക്തമായതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനത്തിലെത്തുന്നത്.












Click it and Unblock the Notifications