മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തി
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രകി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു. പിന്നാലെ എൻ ഐ എ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യു എസിൽ നിന്നും റാണയേയും കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം പാലം വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്. ഇയാളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കും.
എൻ ഐ എ അഭിഭാഷകർ പട്യാല ഹൗസ് കോടതിയിൽ എത്തി. കമാൻഡോ സുരക്ഷയിലാണ് ഇയാളെ മുബൈയിലേക്ക് കൊണ്ടുപോകുക
കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കൈമാറ്റം നടന്നത്.

റാണയ്ക്കെതിരെയുള്ള ദേശിയ അന്വേഷണ ഏജൻസിയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായ നിയമിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന അപ്പീൽ യു എസ് സുപ്രീംകോടതി തള്ളിയതോടെയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്.
ഫെബ്രുവരി 27 നാണ് തന്നെ ഇന്ത്യയ്ക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് റാണ യു എസ് സുപ്രീം കോടതിയിൽ അടിയന്തര ഹർജി നൽകുന്നത്.
പാകിസ്ഥാൻ വംശജനായ താൻ ഒരു മുസ്ലിം ആയതിനാൽ ഇന്ത്യയിലേക്ക് നാട് കടത്തിയാൽ കടുത്ത പീഡനം ഏൽക്കാനുള്ള സാധ്യത ഉണ്ടെന്നും റാണ പറഞ്ഞിരുന്നു.
64 കാരനായ റാണയ്ക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി പാക് - അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി അടുത്ത ബന്ധമുണ്ട്. ആക്രമണത്തിനായിയി ലഷ്കർ ഇ തൊയ്ബയുമായി ചേർന്ന് ഡേവിഡ് കോൾമാനും റാണയും ഗൂഡാലോചന നടത്തിയെന്നും റാണ ഭീകരർക്ക് സഹായം ചെയ്തുവെന്നുമാണ് കണ്ടെത്തൽ. കേസിൽ 2009 ൽ റാണയെ എഫ് ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
2018 ൽ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. 2008 നവംബർ 26 ന് 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ മുംബൈയിലെ സുപ്രധാന മേഖലകളിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഛത്രപതി ശിവാജി ടെർമിനസ്, താജ് ഹോട്ടൽ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിലാണ് 10 ലഷ്കർ ഇ തൊയ്ബയിലെ ഭീകരർ ആക്രമണം നടത്തിയത്. റാണയെ ചോദ്യം ചെയ്താൽഭീകരാക്രമണത്തിൽ പാക്ക് ചാര സംഘടനയായ ഐ എസ് ഐയുടെ പങ്കിനെക്കുറിച്ച് അടക്കം നിർണയാക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications