പത്താന്‍കോട്ട് ആക്രമണം; മസൂദ് അസ്ഹറിനെതിരെ എന്‍ഐഎ അറസ്റ്റ് വാറന്റ്
ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് എന്‍ഐഎ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
മസൂദ് അസ്ഹറിനെ കൂടാതെ അബ്ദുല്‍ റൗഫ്, കാഷിഫ് ജാന്‍, ഷാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മസൂദ് അസ്ഹര്‍ ആണെന്ന് നേരത്തെ ഇന്ത്യ കണ്ടെത്തിയിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല. പാക് സംരക്ഷണയിലാണ് മസൂദ് അസ്ഹര്‍ ഇപ്പോള്‍ കഴിയുന്നത്.

പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മസൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു.
വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ സംഘം ഇന്ത്യയിലെത്തിയിരുന്നു. എന്‍ഐഎ, സംഘത്തിന് നിര്‍ണായക തെളിവുകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍, സംഘം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയതിനുശേഷം കുറ്റം ഇന്ത്യയുടെ പേരില്‍ ആരോപിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ നിന്നും പാക്കിസ്ഥാന്‍ ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു.












Click it and Unblock the Notifications