''ജയലളിതയുടെ സാരി വലിച്ചിഴച്ചില്ലേ'', സ്ത്രീ സുരക്ഷ ഉയർത്തിയ ഡിഎംകെയോട് സഭയിൽ നിർമല സീതാരാമൻ
ന്യൂ ഡല്‍ഹി: തമിഴ്‌നാട് നിയമസഭയില്‍ ജയലളിതയുടെ സാരി വലിച്ചിഴച്ചിരുന്നുവെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ച് ഡിഎംകെ എംപി കനിമൊഴി വിമര്‍ശനം ഉന്നയിച്ചിരുന്നു.
മണിപ്പൂരിലാകട്ടെ, രാജസ്ഥാനിലാകട്ടെ, ഡല്‍ഹിയിലാകട്ടെ, സ്ത്രീകള്‍ എല്ലായിടത്തും പ്രയാസം അനുഭവിക്കുന്നു. ഇത് രാഷ്ട്രീയത്തിന് അതീവമായി ഗൗരവത്തിലെടുക്കണം എന്നായിരുന്നു കനിമൊഴി പറഞ്ഞു. ഇതിന് മറുപടിയായാണ് 1989 മാര്‍ച്ച് 25ന് തമിഴ്‌നാട് നിയമസഭയില്‍ നടന്ന സംഭവത്തെ കുറിച്ച് നിര്‍മല സീതാരാമന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.

ജയലളിത പ്രതിപക്ഷ നേതാവായിരുന്നു. ഡിഎംകെ അംഗങ്ങള്‍ അവരെ കയ്യേറ്റം ചെയ്തു. അവരെ പരിഹസിച്ച് ചിരിച്ചു. മുഖ്യമന്ത്രിയായ ശേഷം മാത്രമേ ഇനി നിയമസഭയിലേക്ക് തിരിച്ച് വരികയുളളൂ എന്ന് ജയലളിത ശപഥം ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ മുഖ്യമന്ത്രിയായി തിരിച്ച് വന്നു, നിര്‍മല സീതാരാമന്‍ പറഞ്ഞു.
നിങ്ങള്‍ കൗരവ സഭയെ കുറിച്ച് സംസാരിക്കുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു, ജയലളിതയെ ഡിഎംകെ മറന്നോ, അവിശ്വസനീയം, പ്രതിഷേധം ഉയര്‍ത്തിയ ഡിഎംകെ അംഗങ്ങളോടായി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തേയും ധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഒരു ദശാബ്ദക്കാലം യുപിഎ പാഴാക്കിക്കളഞ്ഞുവെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.
യുപിഎയ്ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും അത് ഓര്‍മ്മിപ്പിക്കുന്ന അഴിമതിയാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷം ഇന്ത്യ എന്ന പുതിയ പേര് തിരഞ്ഞെടുത്തത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ചതിനേയും നിര്‍മല വിമര്‍ശിച്ചു.
ഇതൊരു വിചിത്രമായ കൂട്ടുകെട്ടാണ്. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശത്രുക്കളാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നു. കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഇരുചേരികളിലാണ്. ജമ്മുവില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും എതിര്‍കക്ഷികളാണ്, ധനമന്ത്രി ചൂണ്ടിക്കാട്ടി. യുപിഎ ഒരു ദശാബ്ദക്കാലം പാഴാക്കിയെന്ന് ആരോപിച്ച ധനമന്ത്രി മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രസംഗത്തില്‍ അക്കമിട്ട് നിരത്തി.












Click it and Unblock the Notifications