നിതീഷ് കുമാറിന്റെ ഭരണം ഒരു വര്‍ഷം? അടുത്ത വര്‍ഷം തേജസ്വി യാദവിന്; മഹാസഖ്യത്തിന്റെ പ്ലാന്‍ ഇങ്ങനെ
പട്‌ന: ബീഹാറില്‍ നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. എന്നാല്‍ ആകെ മാറിയിരിക്കുകയാണ് മഹാസഖ്യത്തിലെ ഫോര്‍മുല. നിതീഷ് കുമാര്‍ അധിക കാലം മുഖ്യമന്ത്രിയായി ആ പദത്തില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് അദ്ദേഹം ഇത്ര വെല്ലുവിളിച്ച് ബിജെപിയുമായുള്ള ബന്ധം തന്നെ ഇല്ലാതാക്കിയത്.
ഇനി പാര്‍ട്ടി വളര്‍ത്തുന്നതിലാണ് നിതീഷിന്റെ ശ്രദ്ധ. തനിക്ക് ഇനി അധികാരത്തോട് അധിക കാലം താല്‍പര്യമില്ലെന്നാണ് നിതീഷ് നല്‍കുന്ന സൂചന. ആര്‍ജെഡിയുമായി ഒത്തുതീര്‍പ്പിന് പോലും നിതീഷ് തയ്യാറായിരിക്കുന്നത് അതുകൊണ്ടാണ്. പുതിയ ഫോര്‍മുല സഖ്യത്തിലെ എല്ലാവര്‍ക്കും അമ്പരക്കാന്‍ വക നല്‍കുന്നതായിരിക്കും. വിശദമായ വിവരങ്ങളിലേക്ക്....

പുതിയ സഖ്യകക്ഷി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ പങ്കുവെക്കാനാണ് തീരുമാനം. ആര്‍ജെഡിയുടെ ഈ ആവശ്യത്തിനോട് ജെഡിയുവും സമ്മതിച്ചിരിക്കുകയാണ്. നിലവില്‍ സര്‍ക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് ആര്‍ജെഡി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് അവര്‍. അങ്ങനെയുള്ളപ്പോള്‍ അവരെ മാറ്റി നിര്‍ത്തേണ്ട എന്നാണ് നിതീഷിന് തോന്നിയിരിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പദം പങ്കിടാന്‍ തീരുമാനിച്ചത്.

ഉപമുഖ്യമന്ത്രി പദം തേജസ്വിക്ക് ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ ആഭ്യന്തര വകുപ്പും നേരത്തെ തന്നെ തേജസ്വി ചോദിച്ച് വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയായി കഴിഞ്ഞാല്‍ ജെഡിയുവിന് ആഭ്യന്തര വകുപ്പ് നല്‍കാന്‍ തേജസ്വിയും ആര്‍ജെഡിയും തയ്യാറാകും. ഇനി ജെഡിയുവിന് വേണ്ടെങ്കില്‍ ആ പദം തേജ് പ്രതാപിന് നല്‍കാനും സാധ്യതയുണ്ട്. ബീഹാര്‍ രാഷ്ട്രീയത്തിലെ നിര്‍ണായക മാറ്റമാണിത്.

2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇനി ഒരു കൊല്ലം കൂടിയേ അദ്ദേഹം ആ സ്ഥാനത്തുണ്ടാവൂ എന്ന് ചുരുക്കം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിന് നല്‍കും. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകള്‍ തുടരുകയാണ്. ആഭ്യന്തര വകുപ്പ് വേണമെന്ന തേജസ്വി യാദവിന്റെ ആവശ്യത്തിന് നിതീഷ് പൂര്‍ണ പിന്തുണ നല്‍കിയിട്ടില്ല.

ബീഹാറില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് തുടര്‍ന്നും നിതീഷ് കൈവശം വെക്കാനാണ് സാധ്യത. ബിജെപി ഈ വിഷയത്തിലാണ് രൂക്ഷമായ വിമര്‍ശനം നിതീഷിനെതിരെ ഉയര്‍ത്തുന്നത്. സ്പീക്കര്‍ പോസ്റ്റ് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം ഇപ്പോഴത്തെ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാനും ജെഡിയു തീരുമാനിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എ കൂടിയായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാണ് നീക്കം.

അതേസമയം പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ജെഡി തള്ളി. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഇന്ന് വഞ്ചനാദിനം ആചരിച്ചാണ് ജെഡിയുവിനെതിരെ പ്രതിഷേധിക്കുന്നത്. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാര്‍ വഞ്ചന കാണിച്ചെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളില്‍ ബിജെപി പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു.

അതേസമയം ജെഡിയുവിന്റെ മാറ്റം ആര്‍ജെഡിയെ തകര്‍ക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെസ്വാള്‍ പറയുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസമായി തേജസ്വിയുമായി ചര്‍ച്ചകളിലായിരുന്നു നിതീഷ്. എപ്പോഴും ആര്‍ജെഡി നേതാക്കള്‍ക്കെതിരെയുള്ള കേസുകളെ കുറിച്ച് നിതീഷ് ചോദിച്ചിരുന്നു. ഇപ്പോള്‍ ലാലുവിന്റെ വിശ്വസ്തന്‍ ഭോല യാദവ് അറസ്റ്റിലായി. ഇത് ആര്‍ജെഡിയെ തകര്‍ത്ത് ഇല്ലാതാക്കാനുള്ള അവസരമായി നിതീഷ് കണ്ടിട്ടുണ്ടെന്ന് സഞ്ജയ് വ്യക്തമാക്കി.

അതേസമയം ബിജെപി നിതീഷിനെ വീഴ്ത്തിയേ അടങ്ങൂ എന്ന വാശിയിലാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റുകളെല്ലാം തൂത്തുവാരുമെന്ന് സഞ്ജയ് ജെസ്വാള്‍ പറയുന്നു. അമിത് ഷായില്‍ നിന്ന് നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ട്. 2025ല്‍ ബീഹാറില്‍ അധികാരത്തിലെത്തുമെന്നാണ് ജെസ്വാളിന്റെ പ്രഖ്യാപനം. ബീഹാറില്‍ ഒറ്റയ്ക്ക് അധികാരം പിടിക്കുക കടുപ്പമാണ്. പക്ഷേ നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചു. ഇനി സുഖമായി അധികാരം നേടുമെന്നും ജെസ്വാള്‍ പറഞ്ഞു.












Click it and Unblock the Notifications