നിതീഷ് കുമാറിന്റെ നീക്കം പൊളിഞ്ഞു!! ഞാനില്ലെന്ന് നവീന്‍ പട്‌നായിക്, പ്രതിപക്ഷ ഐക്യം അസാധ്യം?
ഭുവനേശ്വര്‍: ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഐക്യ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള നീക്കം പാളി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേരില്ലെന്ന് ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്‌നായിക് ആണ് ഇക്കാര്യം പറഞ്ഞത്. ഇദ്ദേഹത്തെ ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്ടിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണായകമാണ്. ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ ഒരിക്കലും ഭരണം പിടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല എന്നാണ് നേതാക്കളുടെ പൊതുവികാരം. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടണം എന്ന ചര്‍ച്ച വന്നതും പ്രമുഖ നേതാക്കള്‍ തയ്യാറായതും. അതിനിടെയാണ് നവീന്‍ പട്‌നായിക് ഉടക്കിട്ടത്.

ബിജെഡിക്ക് സ്വന്തമായ തീരുമാനങ്ങളുണ്ടെന്ന് നവീന്‍ പട്‌നായിക് സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ പിന്നാലെയാണ് നവീന്‍ പട്‌നായിക് ഇക്കാര്യം പറഞ്ഞത്. എപ്പോഴും തനിച്ച് മല്‍സരിക്കുന്നതാണ് ബിജെഡിയുടെ രീതി എന്ന് അദ്ദേഹം വ്യക്തമാക്കി. പുരിയിലെ വിമാനത്താവളത്തില്‍ വച്ച് മോദിയുമായി ചര്‍ച്ച നടത്തി. സാധ്യമാകുന്ന എല്ലാ രീതിയിലും സഹായിക്കാമെന്ന് മോദി ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും നവീന്‍ പട്‌നായിക് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് കുമാറുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അനന്തര ഫലം വ്യക്തമായിരുന്നില്ല. ഇന്ന് വൈകീട്ടാണ് മോദിയുമായി ചര്‍ച്ച നടന്നത്. അതിന് ശേഷമാണ് പ്രതിപക്ഷത്തിനൊപ്പം ചേരില്ലെന്ന് നവീന്‍ പട്‌നായിക് പറഞ്ഞത്.
ഐക്യജനതാദളില്‍ നിന്ന് വേര്‍പ്പെട്ട ശേഷം സ്വതന്ത്രമായി നില്‍ക്കുകയാണ് ബിജെഡിയുടെ പതിവ്. കേന്ദ്ര സര്‍ക്കാരിന് അവശ്യം വന്ന ഘട്ടങ്ങളില്‍ പാര്‍ലമെന്റില്‍ വേണ്ട പിന്തുണയും ബിജെഡി നല്‍കാറുണ്ട്. അതിനിടെയാണ് ബിജെപിയെ പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ നിതീഷ് കുമാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളെല്ലാം ഇതിനോട് യോജിച്ചിരുന്നു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സീതാറാം യെച്ചൂരി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചില ചര്‍ച്ചകളില്‍ പങ്കാളിയായി. എംകെ സ്റ്റാലിന്‍, കെ ചന്ദ്രശേഖര റാവു, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുമായും ഇനി ചര്‍ച്ചകള്‍ നടത്തുമെന്ന് ജെഡിയു വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും പല ഘട്ടത്തിലും നരേന്ദ്ര മോദി സര്‍ക്കാരിനെ സഹായിച്ചവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ പിന്തുണ നിതീഷിന് ലഭിക്കുമോ എന്ന സംശയവുമുണ്ടായിരുന്നു. നവീന്‍ പട്‌നായിക് നിലപാട് വ്യക്തമാക്കിയതോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തീരുമാനമാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications