പ്രതിപക്ഷം ഒന്നിക്കണം; ബിജെപിക്കെതിരെ ഒറ്റക്കെട്ടാകണമെന്ന് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മണിപ്പൂരിലെ ജെഡിയു എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് നിതീഷിന്റെ ആഹ്വാനം. മറ്റു പാര്‍ട്ടികളെ ബിജെപി എങ്ങനെ ഇല്ലാതാക്കുമെന്നതിന്റെ തെളിവാണ് ഹിമാചല്‍ പ്രദേശിലും മണിപ്പൂരിലും കണ്ടതെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയും ജെഡിയുവും പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം. ഭരണഘടനാ വിരുദ്ധമായ നീക്കമാണ് ബിജെപി നടത്തുന്നതെന്നും നിതീഷ് കുറ്റപ്പെടുത്തി.

മണിപ്പൂരില്‍ ജെഡിയുവിന് ആറ് എംഎല്‍എമാരാണുണ്ടായിരുന്നത്. എല്ലാവരും അടുത്തിടെ എന്നെ വന്ന് കണ്ടിരുന്നു. എന്‍ഡിഎ സഖ്യം വിട്ടതില്‍ എല്ലാവരും സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മറിച്ചാണ്. എന്താണ് നടക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ. മറ്റു പാര്‍ട്ടി ടിക്കറ്റുകളില്‍ ജയിച്ചവരെ സ്വന്തം പാളയത്തിലെത്തിക്കുകയാണ് ബിജെപി....
എന്‍ഡിഎയുടെ ഭാഗമായിരുന്നപ്പോള്‍ ബിജെപി ഞങ്ങളുടെ എംഎല്‍എമാര്‍ക്ക് ഒന്നും നല്‍കിയിരുന്നില്ല. ഇപ്പോള്‍ മറിച്ചാണ്. എന്ത് രാഷ്ട്രീയമാണിത്. ഇങ്ങനെ മുമ്പ് സംഭവിച്ചിരുന്നോ. ഇതെല്ലാം പുതിയ രാഷ്ട്രീയമാണ്. ഭരണഘടന ലംഘനമാണ് നടക്കുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടിയാല്‍ തിരഞ്ഞെടുപ്പില്‍ നല്ല ഫലമായിരിക്കും വരികയെന്നും പ്രതിപക്ഷ ഐക്യത്തെ സൂചിപ്പിച്ച് നിതീഷ് കുമാര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സൂചിപ്പിച്ച അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയില്ല.
നേരത്തെ ബിജെപിയും ജെഡിയുവും ഒരുമിച്ചാണ് ബിഹാര്‍ ഭരിച്ചിരുന്നത്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയം പ്രകടിപ്പിച്ചാണ് ജെഡിയു എന്‍ഡിഎ സഖ്യം വിട്ടത്. ഇതോടെ ബിഹാറില്‍ ഭരണത്തില്‍ നിന്ന് ബിജെപി പുറത്തായി. ഇപ്പോള്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമാണ് ഭരണം നടത്തുന്നത്.
ദിവസങ്ങള്‍ പിന്നിടവെയാണ് മണിപ്പൂരില്‍ ജെഡിയുവിന് ബിജെപി തിരിച്ചടി നല്‍കിയത്. ജെഡിയുവിന്റെ ആറില്‍ അഞ്ച് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഫലത്തില്‍ ജെഡിയു മണിപ്പൂരില്‍ ഇല്ലാതായി. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് ജെഡിയു സ്ഥാനാര്‍ഥികളാണ് ജയിച്ചിരുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലും ജെഡിയു ഇതേ സാഹചര്യം നേരിട്ടിരുന്നു. ഇവിടെ ഏഴ് എംഎല്‍എമാരാണ് ജെഡിയുവിനുണ്ടായിരുന്നത്. ആറ് പേരും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞാഴ്ച ബാക്കിയുള്ള ഒരു ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു.












Click it and Unblock the Notifications