ഐക്യ പ്രതിപക്ഷ യോഗം; വെളിപ്പെടുത്തി നിതീഷ് കുമാര്‍... ബിഹാര്‍ വേദിയായേക്കും
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഭിന്നത മാറ്റിവച്ച് ഒന്നിക്കണമെന്ന വികാരം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കമാര്‍ വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ച ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ജെഡിയു. നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമാണ് ഐക്യപ്രതിപക്ഷത്തിന് കരുനീക്കം നടത്തുന്നത്.
മമത ബാനര്‍ജി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍, ഡി രാജ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ബിഹാറില്‍ തിരിച്ചെത്തിയ നിതീഷ് കുമാര്‍ ശനിയാഴ്ച ലാലു പ്രസാദ് യാദവിനെ കണ്ടിരുന്നു. ഇനി ദേശീയ തലത്തില്‍ എല്ലാ പ്രതിപക്ഷ നേതാക്കളെയും ഉള്‍പ്പെടുത്തി ബൃഹദ് യോഗം വിളിക്കണമെന്നാണ് തീരുമാനം.

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇക്കാര്യം എല്ലാ പ്രതിപക്ഷ നേതാക്കളെയും അറിയിക്കും. ബിഹാറില്‍ യോഗം വിളിക്കാനാണ് ഇരുവരുടെയും താല്‍പ്പര്യം. എന്നാല്‍ മറ്റെവിടെങ്കിലും നടത്താമെന്ന് അഭിപ്രായം വന്നാല്‍ എതിര്‍ക്കില്ലെന്നും നിതീഷ് കുമാര്‍ സൂചിപ്പിച്ചു. പട്‌നയില്‍ യോഗം നടന്നാല്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമാകുമെന്ന് നിതീഷ് പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന വിഷയത്തിലാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മിക്ക നേതാക്കളും അവിടെ പ്രചാരണത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും പ്രതിപക്ഷ നേതൃയോഗം വിളിക്കുക എന്നും നിതീഷ് കുമാര്‍ വിശദീകരിച്ചു.
മെയ് 10നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. ഫലം മെയ് 13ന് അറിയാം. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. അഭിപ്രായ സര്‍വ്വെകളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ 2018ല്‍ സംഭവിച്ച പോലെ സഖ്യസര്‍ക്കാരാകും നിലവില്‍ വരിക.
ബിജെപി ഇതര നേതാക്കളുടെ യോഗം സംഘടിപ്പിക്കാന്‍ നിതീഷ് കുമാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചിരുന്നു. ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനം ആരംഭിച്ചത് ബിഹാറില്‍ നിന്നാണ് എന്ന കാര്യവും മമത ഓര്‍മിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ബിഹാറില്‍ പ്രതിപക്ഷ യോഗം നടത്തണമെന്നും മമത അഭിപ്രായപ്പെട്ടു.
എങ്ങനെ മുന്നോട്ട് പോകണം എന്നത് സംബന്ധിച്ച് പ്രതിപക്ഷ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സഖ്യം രൂപീകരിക്കണമോ, പൊതുമിനിമം പരിപാടി ചര്‍ച്ച ചെയ്യണമോ എന്നതെല്ലാം ഈ യോഗമാകും തീരുമാനിക്കുക. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തില്‍ സുപ്രധാന ചുവടായിരിക്കും ബിഹാറില്‍ നടക്കാനിരിക്കുന്ന യോഗം. നേരത്തെ നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications