നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്? ചുവടുമാറ്റം ഇതാദ്യമല്ല, 2015 ലും
ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻ ഡി എ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെ ഡി യു നേതാവ് നിതീഷ് കുമാർ എന്നാണ് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചർച്ച നടത്തിയതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഉടൻ തന്നെ പാർട്ടി എംഎൽഎമാരുടേയും എംപിമാരുടേയും അടിയന്തര യോഗവും നിതീഷ് വിളിച്ച് ചേർത്തിട്ടുണ്ട്. ചൊവ്വാഴ്ച പറ്റ്നയിൽ വെച്ചാണ് യോഗം.
വൈകാതെ തന്നെ ആർ ജെ ഡി -കോൺഗ്രസ് - ഇടത് പാർട്ടികളുമായി ചേർന്ന് നിതീഷ് ബിഹാറിൽ സർക്കാർ ഉണ്ടാക്കിയേക്കുമെന്നാണ് സൂചന. എന്നാൽ ഇതാദ്യമായല്ല നിതീഷ് മഹാസഖ്യത്തിന്റെ ഭാഗമാകുന്നത്. 2015 ലും നിതീഷ് ആർജെഡി സഖ്യത്തിനൊപ്പം ചേർന്ന് അധികാരത്തിലേറിയിരുന്നു.
'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ

2003ൽ ജൻമം കൊണ്ട ജെഡിയു 2005 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം ആയിരുന്നു മത്സരിച്ചിരുന്നത്. അന്ന് ആർജെഡിയെ മലർത്തിടയിച്ച് ഭരണം നേടാൻ സഖ്യത്തിന് സാധിച്ചു. 2010 ലും സഖ്യത്തിന് തുടർഭരണം ലഭിച്ചു. 2014 ലായിരുന്നു ബി ജെ പിയുമായി ആദ്യം നിതീഷ് കുമാർ ഇടയുന്നത്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ തീരുമാനത്തോടെയായിരുന്നു ഇത്. ഗുജറാത്ത് കലാപത്തിൽ കുറ്റാരോപിതനായ ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നായിരുന്നു ജെഡിയു നിലപാട്.

തുടർന്ന് 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടിയുമായി ചേർന്നായിരുന്നു ജെഡിയു മത്സരിച്ചത്. എന്നാൽ ആകെയുള്ള 40 സീറ്റിൽ പാർട്ടിക്ക് ജയിക്കാൻ സാധിച്ചത് വെറും രണ്ട് സീറ്റിലായിരുന്നു. പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയും ജിതിൻ റാം മഞ്ജിയുടെ നേതൃത്വത്തിൽ ജെഡിയു പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു.

എൻഡിഎ മുന്നണിയിലെ ശക്തമായ സാന്നിധ്യമായിരുന്ന നിതീഷ് കുമാറും ജെഡിയും മുന്നണിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു 2015 ൽ മുഖ്യശത്രുക്കളായ ആർ ജെ ഡിയും കോൺഗ്രസുമായും സഖ്യത്തിലെത്തിയത്. തിരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ 178 സീറ്റിലും ജയിച്ചു. നിതീഷ് തന്നെ മുഖ്യമന്ത്രിയായി. ഭരണം ഒരുമിച്ചായിരുന്നുവെങ്കിലും ആർ ജെ ഡിക്കും ജെഡിയുവിനുമിടയിലുള്ള അകൽച്ച പതിയെ പതിയെ ശക്തമായി തുടങ്ങി. സർക്കാരിൽ പിടിമുറുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ നീക്കങ്ങൾ നിതീഷിനെ അസ്വസ്ഥതപെടുത്തി. ഒടുവിൽ ലാലുവിനും കുടുംബത്തിനും എതിരായ സിബിഐ അന്വേഷണത്തോടെ സഖ്യം അവസാനിക്കുകയും ജെ ഡി യു ബി ജെ പിയുമായി സഖ്യം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു.

019 ൽ കടുത്ത ഭിന്നതകൾക്കിടയിലും ബി ജെ പിയുമായി സഖ്യത്തിൽ തന്നെ ജെ ഡി യു മത്സരിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന സ്വപ്നം കണ്ട നിതീഷിന് തെറ്റി. വെറും 43 സീറ്റുകൾ കൊണ്ട് നിതീഷിന് തൃപ്തിപ്പെടേണ്ടി വന്നു. ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ച വെച്ചത്. 74 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇതോടെ ജെഡിയുവിനെ ബിജെപി കൈവിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ചൂട് പിടിച്ചെങ്കിലും അതിനെയെല്ലാം തള്ളി നിതീഷിനെ തന്നെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു. മുഖ്യമന്ത്രി പദം ലഭിച്ചെങ്കിലും ബിജെപി അവഗണിക്കുന്നുവെന്ന വികാരം ജെഡിയുവിൽ ശക്തമായിരുന്നു. പാർട്ടി നേതാക്കൾക്ക് കേന്ദ്രമന്ത്രി പദം നൽകാത്തത് മുതൽ അഗ്നിപഥ് വിഷയത്തിൽ ഉൾപ്പെടെ നിതീഷും ബിജെപിയും പരോക്ഷമായും പ്രത്യക്ഷമായുമെല്ലാം കൊമ്പ് കോർത്തു. ഈ തർക്കങ്ങളാണ് ഇപ്പോൾ സഖ്യം അവസാനിപ്പിക്കുന്ന നിലയിലേക്ക് എത്തിനിൽക്കുന്നത്.












Click it and Unblock the Notifications