'ട്രൂഡോ സർക്കാരിൽ വിശ്വാസമില്ല'; കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കും, ഭിന്നത മുറുകുന്നു
ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വധത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കാനഡയോട് കൂടുതൽ കടുത്ത നിലപാടുകളുമായി ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കാനാണ് തീരുമാനം. അതിനൊപ്പം ഈ അന്വേഷണത്തിൽ കാനഡ ലക്ഷ്യം വയ്ക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെ കൂടി തിരിച്ചുവിളിച്ചേക്കും. നേരത്തെ വിഷയത്തിൽ കാനഡയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിപ്പിച്ചിരുന്നു.
അതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജസ്‌റ്റിൻ ട്രൂഡോ സർക്കാരിൽ വിശ്വാസമില്ലെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ അവർക്ക് ഉറപ്പാക്കാൻ കഴിയില്ലെന്നുമാണ് ഇന്ത്യയുടെ ആരോപണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയ ഉന്നത കനേഡിയൻ ഉദ്യോഗസ്ഥനോട് ഇക്കാര്യം ആശയവിനിമയം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹർദീപ് സിംഗ് നിജ്ജാർ വധത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പങ്കും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുവെന്ന കനേഡിയൻ സർക്കാരിന്റെ പ്രഖ്യാപനമാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണം. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സംശയ നിഴലിലുള്ളതെന്നായിരുന്നു കാനഡയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.
ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിലവിലെ കനേഡിയൻ സർക്കാരിന്റെ പ്രതിബദ്ധതയിൽ തങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ, ഹൈക്കമ്മീഷണറെയും കാനഡ ലക്ഷ്യമിടുന്ന മറ്റ് ചില നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പിൻവലിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാവുകയാണ്. ഇന്ത്യൻ ഹൈക്കമ്മീഷണറായ സഞ്ജയ് വർമ്മയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ സംശുദ്ധമായ സർവീസ് ചരിത്രം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ കാനഡയുടെ ആരോപണങ്ങൾ നേരത്തെ പ്രതിരോധിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുന്നത്.
നേരത്തെ കാനഡയുടെ അന്വേഷണത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു വിമർശനം. അദ്ദേഹത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അതിന് വേണ്ടി ഇന്ത്യയെ കരിവാരിത്തേക്കാനാണ് ശ്രമമെന്നും ഈ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നുമായിരുന്നു പ്രതികരണം.
നേരത്തെ കഴിഞ്ഞ വർഷം ജൂണിലാണ് ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും ആദ്യമായി പോർമുഖം തുറന്നത്. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ, പിടികിട്ടാപ്പുള്ളിയായ നിജ്ജാർ കനേഡിയൻ മണ്ണിൽ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ഇന്ത്യ ഇതൊക്കെയും നിഷേധിച്ചിരുന്നു.












Click it and Unblock the Notifications