വെടിയൊച്ചകളും ഷെല്ലാക്രമണവും ഇല്ല, അതിർത്തി ശാന്തമായി; 19 ദിവസത്തിനിടെ ആദ്യമെന്ന് സൈന്യം
ശ്രീനഗർ: സംഘർഷഭരിതമായ ദിവസങ്ങൾക്ക് ശേഷം നാടകീയമായി ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതം മൂളിയതിന് പിന്നാലെ ശാന്തമായി അതിർത്തി മേഖലകൾ. ഞായറാഴ്‌ച രാത്രി ജമ്മു കശ്‌മീരിലും അന്താരാഷ്ട്ര അതിർത്തിയിലെ മറ്റ് പ്രദേശങ്ങളിലും ഏറെക്കുറെ സമാധാനപരമായ സാഹചര്യമായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഇതോടെ ദിവസങ്ങൾ നീണ്ട ഉറക്കമില്ലാത്ത രാത്രികൾക്കാണ് അന്ത്യമായത്.
ശനിയാഴ്‌ച വൈകുന്നേരമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് ധാരണയിൽ എത്തിയത്. എങ്കിലും അന്ന് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടർന്നിരുന്നു. ഡ്രോണുകൾ ഉൾപ്പെടെ പലയിടത്തും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി ഷെല്ലാക്രമണമോ വെടിവയ്‌പ്പോ റിപ്പോർട്ട് ചെയ്‌തിട്ടില്ല, മേഖലയിൽ 19 ദിവസത്തിനു ശേഷമുള്ള ആദ്യത്തെ ശാന്തമായ രാത്രിയാണിത്.

ഇതോടെ മെയ് 11 രാത്രി ഒരു സുപ്രധാന മാറ്റത്തിനാണ് വഴിയൊരുക്കിയത്, ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിനുശേഷം വെടിനിർത്തൽ ലംഘനങ്ങളിൽ ആദ്യത്തെ പൂർണമായ ശാന്തത കൈവരിച്ച ദിനം കൂടിയാണിത്. ഏപ്രിൽ 23 മുതൽ മെയ് 6 വരെ, നിയന്ത്രണ രേഖയിലെ ഒന്നിലധികം മേഖലകളിൽ ചെറിയ ആയുധ വെടിവയ്പ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മെയ് 7നും 11നും ഇടയിൽ കനത്ത പീരങ്കി ഷെല്ലാക്രമണവും പിന്നീട് വ്യോമാക്രമണവുമായി ഇത് വളരുകയും ചെയ്‌തു.
പൂഞ്ചിലെ സുരൻകോട്ട് എന്ന അതിർത്തി പ്രദേശം അടുത്തിടെ തീവ്രമായ ഷെല്ലാക്രമണത്തിന്റെയും വെടിനിർത്തൽ ലംഘനങ്ങളുടെയും ഇടമായി മാറിയിരുന്നു, കനത്ത ആക്രമണമാണ് പാകിസ്ഥാൻ ഇവിടെ നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ രാത്രി വെടിനിർത്തൽ ലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ ഇവിടം ശാന്തമായി ഉറങ്ങി.
നേരത്തെ ജമ്മുവിലെ വിവിധ ഇടങ്ങളിൽ പാക് ആക്രമണത്തെ തുടർന്ന് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്ന ഒട്ടേറെ ആളുകൾ തങ്ങളുടെ വസതികളിലേക്ക് മടങ്ങാമെന്ന ശുഭ പ്രതീക്ഷയിലാണ്. എങ്കിലും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാവുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ന് വെടിനിർത്താലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഏവരും അതിനെ ഉറ്റുനോക്കുന്നത്.
ഏപ്രിൽ 22ന് പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ നേപ്പാളി പൗരൻ അടക്കം 26 പേരെ നിർദാക്ഷിണ്യം കൊലപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്‌കർ ഇ തൊയ്ബയുടെ ഭാഗമായി സംഘടനയിലെ അംഗങ്ങളായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. ഇതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾ തകർക്കുകയായിരുന്നു.












Click it and Unblock the Notifications