മായങ്ക് ജോഷിയും അപർണ യാദവും പുറത്ത്; ലഖ്നൗ കന്റോൺമെന്റ് സീറ്റിൽ മന്ത്രിയെ സ്ഥാനാർത്ഥിയാക്കി ബിജെപി
ദില്ലി; ലഖ്നൗ കന്റോൺമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബി ജെ പി. മന്ത്രി ബ്രിജേഷ് പഥകിനാണ് സീറ്റ് നൽകിയിരിക്കുന്നത്. നേരത്തേ മണ്ഡലത്തിൽ നിന്നുള്ള മുൻ എം എൽ എയും നിലവിലെ എം പിയുമായ റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷി, ബി ജെ പിയിൽ ചേർന്ന എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് എന്നിവർ സീറ്റിനായി രംഗത്തുണ്ടായിരുന്നു.

ബി ജെ പി കോട്ടയായ ലഖ്നൗ കന്റോൺമെന്റ് മണ്ഡലം 2012 ൽ റീത്ത ബഹുഗുണയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് അവർ ബി ജെ പിയിൽ എത്തി. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റീത്തയായിരുന്നു മണ്ഡലത്തിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചത്. ഇക്കുറി തന്റെ മകൻ മായങ്ക് ജോഷിക്ക് സീറ്റ് അനുവദിക്കണമെന്ന് റീത്ത ആവശ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരാൾ എന്ന രീതി പാർട്ടി നടപ്പാക്കുന്നുവെങ്കിൽ മകന് വേണ്ടി രാജിവെയ്ക്കാൻ വരെ തയ്യാറാണെന്നും റീത്ത നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ നേതൃത്വം പരിഗണിച്ചില്ല.

ഇതോടെ ബി ജെ പയിൽ എത്തിയ അപർണ യാദവിനെ പരിഗണിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. 2017 ൽ റീത്തയോട് ഏറ്റുമുട്ടി അപർണ പരാജയം രുചിച്ചിരുന്നു. അന്ന് 60,000 വോട്ടുകൾ ആയിരുന്നു അപർണ മണ്ഡലത്തിൽ നേടിയത്. അതേസമയം സിറ്റിംഗ് എം എൽ എ കൂടിയായ രാകേഷ് തിവാരിയും സീറ്റിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

അതേസമയം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മായങ്ക് ജോഷി ബി ജെ പി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. മായങ്ക് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മായങ്കും റീത്ത ബഹുഗുണയും അഖിലേഷുമായി ചർച്ച നടത്തുകയാണെന്നാണ് എസ് പി വൃത്തങ്ങളും വ്യക്തമാക്കുന്നത്.

മായങ്ക് എസ് പിയിൽ എത്തിയാൽ കന്റോൺമെന്റ് സീറ്റ് മായങ്ക് ലഭിച്ചേക്കും.
ബ്രാഹ്മണ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ലഖ്നൗ കന്റോൺമെന്റ്. ബ്രാഹ്മണ സമുദായാംഗമായ മായങ്കിനെ മത്സരിപ്പിക്കുന്നതോടെ മത്സരം കടുപ്പിക്കാനാകുമെന്ന പ്രതീക്ഷ എസ് പിക്കുണ്ട്. പ്രത്യേകിച്ച് സംസ്ഥാനത്ത് ബി ജെ പിക്കെതിരെ ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ ശക്തമായ അതൃപ്തികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ. എന്തായാലും മായങ്കോ എസ് പി നേതൃത്വത്തമോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

അതേസമയം ലഖ്നൗവിലെ മുഴുവൻ സീറ്റിലേക്ക് ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. 9 സീറ്റാണ് ലഖ്നൗവിൽ ഉള്ളത്. ഇതിൽ എട്ട് സീറ്റുകളും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കാണ് ലഭിച്ചത്. ലഖ്നൗ ഈസ്റ്റിൽ മന്ത്രി അഷുതോഷ് ടണ്ടനാണ് പാർട്ടി സീറ്റ് നൽകിയത്. ലഖ്നൗ സെൻട്രലിൽ രജനീഷ് ഗുപ്തയെ ആണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

ഫെബ്രുവരി 10 മുതൽ 7 ഘട്ടങ്ങളിലായാണ് യുപിയിൽ തിരഞ്ഞെടുപ്പ്. 403 അംഗ നിയമസഭ സീറ്റുള്ള സംസ്ഥാനത്ത് ബിജെപി, കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ പാർട്ടികൾ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങിയിരിക്കുന്നത്. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി സംസ്ഥാന അധികാരം പിടിച്ചത്. കേവല ഭൂരിപക്ഷത്തിന് 202 സീറ്റാണ് ആവശ്യം.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications