32000 പെണ്‍കുട്ടികളുടെ കഥ മൂന്ന് പെണ്‍കുട്ടികളുടെ കഥയാക്കി; തിരുത്തുമായി ദി കേരള സ്റ്റോറി പ്രവര്‍ത്തകര്‍
ന്യൂദല്‍ഹി: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലറിലെ വിവരണത്തില്‍ തിരുത്തുമായി അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 26 ന് സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പങ്ക് വെച്ച ദി കേരള സ്‌റ്റോറിയുടെ യൂട്യൂബ് വീഡിയോയുടെ ഡിസ്‌ക്രിഷ്‌നില്‍ കൊടുത്തിരുന്നത് കേരളത്തിലെ 32000 പെണ്‍കുട്ടികളുടെ കഥ എന്നതായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ തിരുത്തിയിരിക്കുന്നത്.
കേരളത്തിലെ 32000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ എന്നതില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാക്കിയാണ് യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തിയിരിക്കുന്നത്. നേരത്തെ തന്നെ സിനിമ ഉയര്‍ത്തുന്ന പ്രമേയത്തേയും അതില്‍ പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളേയും ഖണ്ഡിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ ഇത് തിരുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നട്ടെല്ല് മരവിപ്പിക്കുന്ന, മുമ്പൊരിക്കലും പറഞ്ഞിട്ടില്ലാത്ത യഥാര്‍ത്ഥ കഥ. ഇന്ത്യയ്ക്കെതിരെ നടന്ന അപകടകരമായ ഗൂഢാലോചന വെളിപ്പെടുത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരമാണ് ദി കേരള സ്‌റ്റോറി എന്നാണ് പുതിയ ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിരിക്കുന്നത്.
സത്യം നമ്മെ സ്വതന്ത്രരാക്കും. ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകള്‍ വ്യവസ്ഥാപിതമായി മതപരിവര്‍ത്തനം ചെയ്യപ്പെടുകയും സമൂലവല്‍ക്കരിക്കപ്പെടുകയും അവരുടെ ജീവിതം നശിപ്പിക്കപ്പെടുകയും ചെയ്തു. അത് അവരുടെ കഥയാണ് എന്നും ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട്. അതിനിടെ കേരളത്തെ അധിക്ഷേപിക്കുന്ന ചിത്രത്തിന് എതിരെ സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
സുപ്രീംകോടതിയില്‍ ദി കേരള സ്‌റ്റോറിക്ക് എതിരെ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടെ ദി കേരള സ്റ്റോറിക്ക് എ സര്‍ട്ടിഫിക്കറ്റോടെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണം എന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഭിമുഖം ഉള്‍പ്പടെയുള്ള സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണം.
ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍' എന്ന സംഭാഷണത്തില്‍ നിന്നും 'ഇന്ത്യന്‍' എന്ന വാക്ക് നീക്കണമെന്നും ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കണം എന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സുദീപ്തോ സെന്‍ ആണ് ദി കേരള സ്റ്റോറി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
മേയ് അഞ്ചിന് ആണ് സിനിമ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് കാണാതായ ഹിന്ദു - ക്രിസ്ത്യന്‍ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിന് അകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന പ്രമേയമാണ് ചിത്രം പങ്ക് വെക്കുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ആദാ ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത്.
ഒരു കോളേജ് കാമ്പസിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും ഒടുവില്‍ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കേരള സ്‌റ്റോറി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വിപുല്‍ അമൃതലാല്‍ ഷാ ആണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന്‍ സുദീപ്‌തോ സെന്‍ ചിത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടു എന്നൊക്കെ നേരത്തെ അവകാശപ്പെട്ടിരുന്നതാണ്. എന്നാല്‍ 32000 പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനം നടത്തി എന്നതിന് എന്ത് ഔദ്യോഗിക കണക്കാണ് ഉള്ളത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.












Click it and Unblock the Notifications