സംസ്കരിക്കാൻ അനുവദിച്ചില്ല; സൈക്കിളിൽ ഭാര്യയുടെ മൃതദേഹവുമായി അലഞ്ഞ് വയോധികൻ, ദാരുണം
ലഖ്നൗ; ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ ഗ്രാമവാസികൾ സമ്മതിക്കാത്തതിനെ തുടർന്ന് മൃതദേഹവുമായി സൈക്കിളിൽ മണിക്കൂറുകളോളം അലഞ്ഞ് വയോധികൻ,ഉത്തർപ്രദേശിലെ ജോൻപൂരിലാണ് ദാരുണമായ ഈ സംഭവം. ഒടുവിൽ പോലീസ് ഇടപെട്ട് മൃതദേഹം സംസ്കരിച്ചു. സംഭവം ഇങ്ങനെ
തിലക്ധാരി സിംഗ് എന്ന വൃദ്ധനാണ് തന്റെ ഭാര്യ രാജ്കുമാരിയുടെ മൃതദേഹവുമായി അലഞ്ഞത്. ഏറെ നാളായി അസുഖബാധിതയായ രാജ്കുമാരിയിലെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അവിടെ വെച്ച് ഭാര്യ മരണപ്പെട്ടു. തുടർന്ന് ആംബുലൻസിൽ തിലക്ധാരി ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു.

എന്നാൽ കൊവിഡ് ഭീതി മൂലം സംസ്കാരം നടത്താൻ ഗ്രാമത്തിലുള്ളവർ അനുവദിച്ചില്ല. സംസ്കാര ചടങ്ങിന് സഹായിക്കണമെന്ന് പ്രദേശത്തുള്ളവരോട് അഭ്യർത്ഥിച്ചെങ്കിലും കൊവിഡ് ഭീതി കാരണം ആരും തയ്യാറായില്ല. തുടർന്ന് മൃതദേഹം സൈക്കിളിൽ കയറ്റി ശ്മശാനത്തിൽ എത്തിച്ചു. ഗ്രാമവാസികൾ കടുത്ത എതിർപ്പ് ഉയർത്തിയതോടെ ഏറെ നേരം ഭാര്യയുടെ മൃതദേഹം സൈക്കിളിൽ കിടത്തി ഇയാൾക്ക് അലയേണ്ടി വന്നു.സൈക്കിളിനു മുകളില്‍ മൃതദേഹം കിടത്തി അരികത്ത് തലയിൽ കൈവെച്ചിരിക്കുന്ന ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തുടർന്ന് സംഭവമറിഞ്ഞ് റാംഖണ്ഡ് പോലീസെത്തി മൃതദേഹം കൊണ്ടുപോകാൻ വാഹനം എത്തിക്കുകയും മറ്റൊരു ശ്മശാത്തിൽ എത്തിച്ച് സംസ്കരിക്കുകയും ചെയ്തു. അതേസമയം മരണപ്പെട്ട സ്ത്രീ കൊവിഡ് പോസിറ്റീവ് ആയിരുന്നോ എന്ന് ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications