പെഗാസസ് വിവാദം: ഒടുവില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍, എന്‍എസ്ഒയുമായി യാതൊരു ഇടപാടുമില്ല
ദില്ലി: രാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് നിര്‍മ്മാതാക്കളായ ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച വിവാദമാണ് പെഗാസസ്.
രാജ്യസഭയില്‍ സിപിഎം എംപി ഡോ ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. എന്‍എസ്ഒ ഗ്രൂപ്പ് ടെക്‌നോളജിയുമായി സര്‍ക്കാര്‍ എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അങ്ങനെയാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും സിപിഎം എംപി ചോദിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം 'എന്‍എസ്ഒ ഗ്രൂപ്പ് ടെക്‌നോളജികളുമായി ഒരു ഇടപാടും നടത്തിയിട്ടില്ല പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

അതേസമയം, ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി കൂടി ലഭിച്ചാല്‍ മാത്രമാണ് വ്യക്തത വരൂ എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് ആദ്യം മുതല്‍ക്കെ കേന്ദ്രം സ്വീകരിച്ചു പോന്നത്.
ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നല്‍കുന്ന ചാര സോഫ്‌റ്റ്വേയറാണ് പെഗാസസ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അനധികൃതമായി ഉപയോക്താവിനെ നിരീക്ഷിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രമാണ് ഈ സോഫ്‌റ്റ്വെയറുകള്‍ കൈമാറ്റം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2019ല്‍ പുറത്തുവന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തോടെയാണ് പെഗസസ് എന്ന വാക്ക് ഇന്ത്യക്കാര്‍ക്ക് സുപരിചിതമാകുന്നത്. 20 രാജ്യങ്ങളില്‍ നിന്നായി ഏകദേശം അമ്പതിനായിരം പേരുടെ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.












Click it and Unblock the Notifications