ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ കാരണം ഇത്; പിഴവുകള്‍ ചൂണ്ടിക്കാട്ടി സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട്
ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് കാരണം മാനുഷിക പിഴവും തെറ്റായ സിഗ്‌നലിംഗ് സംവിധാനവുമാണ് എന്ന് കണ്ടെത്തല്‍. റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല അന്വേഷണത്തില്‍ ആണ് ഇത് കണ്ടെത്തിയിരിക്കുന്നത്. സിഗ്‌നലിംഗ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ (എസ് ആന്‍ഡ് ടി) ഡിപ്പാര്‍ട്ട്മെന്റിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്.
മുന്‍കാല മുന്നറിയിപ്പുകള്‍ പാലിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഗ്‌നലിംഗ്-സര്‍ക്യൂട്ട്-അള്‍ട്ടറേഷനിലും സ്റ്റേഷനിലെ ലെവല്‍ ക്രോസിംഗ് ഗേറ്റ് 94 ന് ഇലക്ട്രിക് ലിഫ്റ്റിംഗ് തടസം മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്‌നലിംഗ് ജോലിയുടെ നിര്‍വ്വഹണ വേളയിലും വന്ന പിഴവാണ് ട്രെയിനുകളുടെ കൂട്ടിയിടിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പെരുമാറ്റച്ചട്ടം പാലിച്ചില്ല. ഇത് പാലിക്കാതെ ട്രെയിന്‍ കടന്ന് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഇന്റര്‍ലോക്കിംഗ് സംവിധാനം താല്‍ക്കാലികമായി അടയ്ക്കാന്‍ സിഗ്‌നലിംഗിന്റെ ചുമതലയുള്ളവര്‍ ബഹനാഗ ബസര്‍ സ്റ്റേഷന്‍ അധികൃതരോട് പറഞ്ഞിരുന്നു. പിന്നീട് ഇന്റര്‍ലോക്കിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശിച്ചു.
എന്നാല്‍ അതിന് ശേഷവും സിഗ്‌നലിംഗിന്റെ ചുമതലക്കാര്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി തുടര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ഇങ്ങനെ ചെയ്യുന്നത് റെയില്‍വേ സുരക്ഷാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. സിഗ്‌നലിംഗ് ജീവനക്കാരും സ്റ്റേഷന്‍ മാസ്റ്ററും തമ്മിലുള്ള ഏകോപനത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമായത്.
2022 മെയ് 16 ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ ഖാര്‍ഗ്പൂര്‍ ഡിവിഷനിലെ ബാങ്ക്രാനായബാസ് സ്റ്റേഷനില്‍ തെറ്റായ വയറിംഗും കേബിളിന്റെ തകരാറും കാരണം സമാനമായ ഒരു സംഭവം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സംഭവത്തിന് ശേഷം പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
സൈറ്റിലെ സിഗ്‌നലിംഗ് വയറിംഗ് ഡയഗ്രമുകള്‍, മറ്റ് ഡോക്യുമെന്റുകള്‍, ലെറ്ററിംഗ് സിഗ്‌നലിംഗ് സര്‍ക്യൂട്ടുകള്‍ എന്നിവയുടെ പൂര്‍ത്തീകരണം അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു ഡ്രൈവ് ആരംഭിക്കണമെന്ന് റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജൂണ്‍ രണ്ടിന് ആണ് രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടക്കുന്നത്. അപകടത്തില്‍ 292 പേര്‍ മരിക്കുകയും 1000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചെന്നൈ - കൊറമാണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിനു തുടക്കം. അപകടത്തില്‍ തകര്‍ന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് ബെംഗളൂരു - ഹൗറ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചു കയറിയതാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചത്.












Click it and Unblock the Notifications