രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; ആന്ധ്രയിലും ചണ്ഡീഗഡിലും, ആകെ 35 കേസുകള്‍
ദില്ലി: ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലുമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ആകെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 35 പേര്‍ക്കാണ്.
നവംബര്‍ 27 ന് അയര്‍ലണ്ടില്‍ നിന്ന് മുംബൈയിലേക്കും പിന്നീട് വിശാഖപട്ടണത്തിലേക്കും യാത്ര ചെയ്ത 34 വയസ്സുള്ള ഒരു പുരുഷനാണ് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അയാളുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചു, അതില്‍ ഒമൈക്രോണിന് പോസിറ്റീവ് കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ 11 ന് വീണ്ടും നടത്തിയ പരിശോധനയില്‍ കോവിഡ് -19 നെഗറ്റീവായി കണ്ടെത്തി.

ആന്ധ്രാപ്രദേശില്‍ ആദ്യമായാണ് ഒമൈക്രോണ്‍ കണ്ടെത്തിയത്. മൊത്തം 15 വിദേശ സഞ്ചാരികള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി, എല്ലാ സാമ്പിളുകളും ജീനോം സീക്വന്‍സിംഗിനായി അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏതെങ്കിലും കിംവദന്തികള്‍ വിശ്വസിക്കരുതെന്നും പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നതായും എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും പതിവായി കൈ കഴുകുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
ചണ്ഡീഗഡില്‍, നവംബര്‍ 22 ന് ഇറ്റലിയില്‍ നിന്ന് വന്ന 20 കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 1 ന് അദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും തുടര്‍ന്നുള്ള പരിശോധനയില്‍ അദ്ദേഹത്തിന് ഒമൈക്രോണ്‍ ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. അതേസമയം, ഒമൈക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടനയുടെ റീജ്യണല്‍ ഡയറക്ടറായ ഡോ പൂനം ഖേത്രപാല്‍ രംഗത്തെത്തിയിരുന്നു. പുതിയ വേരിയന്റ് ഉണ്ടെന്ന് കരുതി, അത് കൊവിഡ് കേസുകള്‍ വര്‍ധിപ്പിച്ച് വലിയ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത വര്‍ധിക്കണമെന്നില്ലെന്ന് പൂനം പറയുന്നു. എന്നാല്‍ ഇത് ഉറപ്പിച്ച് പറയാനും സാധിക്കില്ല. ഒമൈക്രോണിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വം സമ്മാനിക്കുന്നതാണെന്ന് അവര്‍ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരി ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്ന ജാഗ്രത ആരും കൈവിടരുതെന്നും അവര്‍ പറഞ്ഞു . ലോകരാജ്യങ്ങള്‍ ഒമൈക്രോണിനെ കുറിച്ചുള്ള കൂടുതല്‍ ഡാറ്റ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറണം. ആയിരക്കണക്കിന് വിദ്ഗധര്‍ നിലവിലെ ഡാറ്റകള്‍ പരിശോധിക്കുന്നുണ്ടെന്നും പൂനം ഖേത്രപാല്‍ പറഞ്ഞു.












Click it and Unblock the Notifications