കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഗേള്‍സ് ബിജെപിയില്‍ ചേര്‍ന്നു; യുപിയില്‍ കനത്ത തിരിച്ചടി
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ പോസ്റ്ററില്‍ തിളങ്ങി നിന്നിരുന്ന മൂന്ന് യുവതികള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഒന്നിന് പിറകെ ഒന്നായി പോസ്റ്റര്‍ ഗേള്‍സ് രാജിവച്ചത് കോണ്‍ഗ്രസിനകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കില്ലെന്നും എസ്പിയും ബിജെപിയും തമ്മിലാണ് മല്‍സരമെന്നും എസ്പി നേതാക്കള്‍ തുടര്‍ച്ചയായി വാദിക്കുന്നതിനിടെയാണ് യുവതികളുടെ രാജി.
പല്ലവി സിങ് ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പോസ്റ്റര്‍ ഗേള്‍. ഇന്ന് ലഖ്‌നൗവില്‍ നടന്ന പരിപാടിയില്‍ ഇവര്‍ക്ക് ബിജെപി നേതൃത്വം പ്രത്യേക സ്വീകരണം നല്‍കി. പ്രിയങ്ക മൗര്യ, വന്ദന സിങ് എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നവര്‍. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്നാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമായി വന്ദന സിങ് പറഞ്ഞത്. വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുന്നില്ലെന്നും വന്ദന കുറ്റപ്പെടുത്തി.

പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലമായി പ്രവര്‍ത്തിക്കുന്നവരെ നേതൃത്വം ശ്രദ്ധിക്കുന്നില്ല. അടുത്ത കാലത്തായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഇതിനോട് യോജിക്കാനാകില്ല. ആറ് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്. ഇതുവരെ പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കാന്‍ പോലും അനുമതി ലഭിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വവുമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാറില്ലെന്നും വന്ദന പ്രതികരിച്ചു.
മല്‍സരിക്കാന്‍ അവസരം തന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക മൗര്യ കോണ്‍ഗ്രസ് വിട്ടത്. വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് പറയുമ്പോഴും അവസരം ലഭിച്ചില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പോസ്റ്ററുകളില്‍ എന്റെ മുഖം ഉപയോഗിച്ചു. എന്റെ പേരും. തന്റെ പത്ത് ലക്ഷം സോഷ്യല്‍ മീഡിയ ഫോളവേഴ്‌സ് ആയിരുന്നു കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിട്ടത്. മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിപ്പോള്‍ മറ്റു ചിലരെയാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചത്. ഇത് അനീതിയാണെന്നും പ്രിയങ്ക മൗര്യ പറഞ്ഞു.
വനിതകള്‍ക്ക് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് പ്രിയങ്ക. 40 ശതമാനം സീറ്റുകളില്‍ വനിതകളെ മല്‍സരിപ്പിക്കുമെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. അതായത്ത് 160 സീറ്റുകളില്‍ വനിതകളെ മല്‍സരിപ്പിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്.












Click it and Unblock the Notifications