'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': ബില്ല് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും; പ്രതിഷേധമുയർത്തി പ്രതിപക്ഷം
ഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ല് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. നിയമ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ലോക്‌സഭയിലേക്കും സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ല് അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
ബില്ലിന്റെ കരട് ഇന്നലെ എംപിമാർക്ക് വിതരണം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്ന സാഹചര്യത്തില്‍ ബില്ല് സംയുക്ത പാർലമെന്റ് സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും. 2029 മുതൽ നിയമം നടപ്പിൽ വരുത്തണമെന്നാണ് മുന്‍ രാഷ്ട്പതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസർക്കാറിന് ശുപാർശ ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഈ കാലയളവില ഒറ്റ തിരഞ്ഞെടുപ്പ് പ്രായോഗികല്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ സമവായമുണ്ടാകുന്നതും പാർലമെന്റിൽ ബിൽ പാസാക്കുന്നതും ഒരു തുടക്കം മാത്രമാണെന്നും കമ്മീഷന്‍ പറയുന്നു. അതിന് ശേഷമാണ് യഥാർത്ഥ ജോലികള്‍ ആരംഭിക്കുക.

2025 അവസാനമോ 2026 ആദ്യമോ ബിൽ പാസായാലും ഒരുക്കങ്ങൾക്ക് ധാരാളം സമയം വേണം. ഇപ്പോഴുള്ളതിന്റെ ഇരട്ടി വോട്ടിംഗ് യന്ത്രങ്ങൾ ഒറ്റ തിരഞ്ഞെടുപ്പായി നടത്താന്‍ വേണം. അത് നിർമ്മിക്കുന്നതിന് വേണ്ടി മൂന്ന് വർഷത്തോളമെടുക്കുമെന്നും കമ്മീഷന്‍ പറയുന്നു.
2029 ൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടേയുള്ള സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടി വരും. നാലു വർഷം, മൂന്നു വർഷം, രണ്ടു വർഷം, ഒരു വർഷം എന്നിങ്ങനെയാകും ഈ വെട്ടിക്കുറയ്ക്കല്‍. ജാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാലുവർഷമായി ചുരുങ്ങുമ്പോള്‍ കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമായും കുറയും.
രണ്ട് വർഷത്തെ മാത്രം കാലാവധിയുണ്ടാകുക മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭകള്‍ക്കായിരിക്കും. ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതുതായി അധികാരത്തില്‍ വരുന്ന സർക്കാറിന് ഒരു വർഷം മാത്രമായിരിക്കും അധികാരത്തില്‍ തുടരാന്‍ സാധിക്കുക.












Click it and Unblock the Notifications