കൊടും ഭീകരരന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവളും കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ജെയ്ഷെ മുഹമ്മദ് മേധാവിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ 1.05 നാണ് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചത്.

ഇന്ത്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബഹാവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറുമായി ബന്ധപ്പെട്ട ഒരു മദ്രസയും ലക്ഷ്യമിട്ടിരുന്നതായി പാകിസ്ഥാന്‍ പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂരിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മദ്രസയ്ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി നിരവധി പാകിസ്ഥാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തനങ്ങളുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന മത സെമിനാരിയാണിത്. കൂടാതെ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും പരിശീലനം നല്‍കുകയും ചെയ്തുവെന്നാരോപിച്ച് മുമ്പ് അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി മദ്രസയുടെ പേര് ആക്രമണ സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ മസൂദ് അസ്ഹറിന്റെ സംഘം നടത്തുന്ന അതേ സെമിനാരിയുടെ കോമ്പൗണ്ടിന് സമീപമുള്ള പുകയും അവശിഷ്ടങ്ങളും കാണിക്കുന്നുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മൗലാന മസൂദ് അസ്ഹര്‍ 2019-ല്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ബോംബാക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഉന്നത ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്.
യുഎന്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആഗോള ഭീകരന്‍ കൂടിയാണ് മൗലാന മസൂദ് അസ്ഹര്‍. പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. പാക് നിയന്ത്രിത പ്രദേശങ്ങളിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും (പിഒജെകെ) ഒമ്പത് സ്ഥലങ്ങള്‍ ഇന്ത്യന്‍ സേന ലക്ഷ്യമിട്ട് ആക്രമിച്ചത്.
ആക്രമണങ്ങള്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഭീകരവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് 25 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷന്‍ ലക്ഷ്യമിട്ടത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സേനയുടെ നടപടികള്‍ അളന്നതും, വ്യാപ്തം വര്‍ദ്ധിപ്പിക്കാത്തതും, ആനുപാതികവും ഉത്തരവാദിത്തമുള്ളതുമാണെന്ന് മിസ്രി പറഞ്ഞു.
''പഹല്‍ഗാം ആക്രമണം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും, തങ്ങളുടെ പ്രദേശത്തോ നിയന്ത്രണത്തിലുള്ള പ്രദേശത്തോ ഉള്ള തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. പകരം അവര്‍ ചെയ്തതെല്ലാം നിഷേധങ്ങളും ആരോപണങ്ങളും മാത്രമാണ്,'' അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളെക്കുറിച്ചുള്ള തങ്ങളുടെ ഇന്റലിജന്‍സ് നിരീക്ഷണം ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി സൂചന നല്‍കി എന്നും അതിനാല്‍ അത് തടയാനും മുന്‍കൂട്ടി പ്രതിരോധിക്കാനും തങ്ങള്‍ നിര്‍ബന്ധിതരായി എന്നും മിസ്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ആക്രമണത്തില്‍ 70 ലധികം ഭീകരര്‍ കൊല്ലപ്പെടുകയും 60-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കരയില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നിരീക്ഷണ ഡ്രോണുകള്‍ വഴി തത്സമയ നിരീക്ഷണം നടത്തിയതിനാല്‍ സിവിലിയന്‍ നാശനഷ്ടങ്ങള്‍ കുറഞ്ഞ തോതില്‍ മാത്രമായി ലക്ഷ്യം വയ്ക്കുന്നത് സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications