പ്രതിപക്ഷ നേതാക്കള്‍ക്ക് നേരമില്ല, ഇന്ത്യ സഖ്യത്തിന്റെ മുംബൈയിലെ യോഗം മാറ്റിയേക്കും
ന്യൂഡല്‍ഹി: മുംബൈയില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യ പ്രതിപക്ഷ യോഗം മാറ്റിയേക്കും. ഓഗസ്റ്റ് 25-26 തിയതികളായിട്ടായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് സെപ്റ്റംബറിലേക്ക് മാറ്റുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ സഖ്യത്തിലെ കുറച്ച് നേതാക്കള്‍ യോഗത്തിന് വരാനാവില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേതാക്കള്‍ക്ക് തിരക്കായത് കൊണ്ട് മുംബൈയില്‍ പറഞ്ഞ ദിവസം യോഗം നടത്താനാവില്ല. അതുകൊണ്ടാണ് സെപ്റ്റംബറിലേക്ക് യോഗം മാറ്റുന്നത്.
തിയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വളരെയധികം പ്രാധാന്യമുള്ള യോഗമാണ് മുംബൈയില്‍ നടക്കാന്‍ ഇരിക്കുന്നത്. പ്രതിപക്ഷം ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനത്ത് ആദ്യമായിട്ടാണ് യോഗം നടക്കുന്നത്. പട്‌നയിലും, ബെംഗളൂരുവിലുമായിട്ടായിരുന്നു ആദ്യ രണ്ട് യോഗങ്ങള്‍ നടന്നത്. ഇത് രണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനമാണ്.

പ്രതിപക്ഷത്തിന് സമാനമായ എന്‍ഡിഎയും ഓഗസ്റ്റില്‍ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതുകൊണ്ട് ഏറെ നിര്‍ണായകമായിരുന്നു മുംബൈയിലെ യോഗം.അതേസമയം യോഗം മാറ്റാതിരിക്കാനുള്ള ശ്രമങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. നിലവില്‍ എല്ലാവരെയും യോഗത്തിലേക്ക് എത്തിക്കാനാണ് ശ്രമം. എന്നാല്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പിക്കാന്‍ ഒരു തിയതി കൂടി കണ്ടെത്തി വെക്കുമെന്നും മുംബൈയിലുള്ള മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളിലൊരാള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ ആദ്യ വാരമാണ് പ്രതിപക്ഷം മുംബൈയില്‍ യോഗം നടത്താനായി പരിഗണിക്കുന്നതെന്നാണ് സൂചന. 26 പാര്‍ട്ടികളാണ് പ്രതിപക്ഷ നിരയിലുള്ളത്. അതേസമയം മുംബൈയില്‍ നിന്നുള്ള യോഗത്തിന് സംഘാടകരാകുന്നത് മഹാവികാസ് അഗാഡി സഖ്യത്തിലുള്ള പാര്‍ട്ടികളാണ്. ശിവസേന, എന്‍സപി, കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് ചുമതല. സഖ്യത്തിലെ പ്രബല നേതാവായ ശരത് പവാര്‍ അടക്കം ഓഗസ്റ്റ് 25-26 തിയതികളിലായിട്ടുള്ള യോഗത്തില്‍ പങ്കെടുക്കില്ല. തിരക്കായത് കൊണ്ടാണിത്.
മുംബൈയില്‍ നടക്കുന്നൊരു പ്രതിപക്ഷ യോഗത്തില്‍ പവാറില്ലാതിരിക്കുന്നത് സഖ്യത്തിന് തിരിച്ചടിയാവും. പവാറിന്റെ രാഷ്ട്രീയ പദയാത്ര മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരിക്കുകയാണ്. ഓഗസ്റ്റ് മധ്യത്തോടെയാണ് അത് ആരംഭിക്കുക. അതേസമയം കോണ്‍ഗ്രസും, ശിവസേന ഉദ്ധവ് പക്ഷവും ഈ ദിവസങ്ങളില്‍ തിരക്കിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട. ശിവസേന ഉദ്ധവ് പക്ഷമാണ് യോഗത്തിന്റെ തിയതികള്‍ തീരുമാനിക്കുന്നത്. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും ഒരുമിച്ച് തീരുമാനിച്ച ദിവസത്തില്‍ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്.
പട്‌ന യോഗം തീരുമാനിച്ചപ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. അതൊരു കുഴപ്പമായി കാണുന്നില്ല. 26 പാര്‍ട്ടികളെ ഒന്നിപ്പിക്കുമ്പോള്‍ ഇത്തരം തടസ്സങ്ങള്‍ സംഭവിക്കാമെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. നിലവില്‍ ഇന്ത്യാ സഖ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. സര്‍ക്കാരിനെതിരെ മണിപ്പൂര്‍ ആയുധമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.












Click it and Unblock the Notifications