കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടാന്‍ സ്ഥിരം 'ശത്രുക്കളെത്തും'; മഞ്ഞുരുക്കം ഉറപ്പാക്കി പ്രതിപക്ഷ യോഗം
ന്യൂഡല്‍ഹി: ബീഹാറിലെ പട്‌നയില്‍ ജൂണ്‍ 23ന് നടക്കുന്ന പ്രതിപക്ഷ മഹായോഗത്തില്‍ ദീര്‍ഘകാല രാഷ്ട്രീയ 'ശത്രുക്കള്‍' വേദി പങ്കിടും. കോണ്‍ഗ്രസിന്റെ ശക്തരായ എതിരാളികളും വിമര്‍ശകരുമായ മൂന്ന് നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുക.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാള്‍, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസുമായി മുഖാമുഖം എത്തുക. കോണ്‍ഗ്രസിന് ഈ മൂന്ന് പാര്‍ട്ടികളുമായി കുറച്ച് കാലമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.

ബിജെപിയുടെ ബി ടീമായിട്ടാണ് ആംആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ വേദികളില്‍ നിന്നും മമത ബാനർജി വിട്ടുനില്‍ക്കാറാണ് പതിവ്. അതുപോലെ യുപി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറഞ്ഞ് തുടരെ അവഗണിച്ച് കൊണ്ടിരിക്കുകയാണ് സമാജ്വാദി പാര്‍ട്ടി. ഇവരെ എല്ലാം ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവന്നതിന്റെ ക്രഡിറ്റ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുള്ളതാണ്.
തൃണമൂൽ കോൺഗ്രസിന്റെ ദീര്‍ഘകാല രാഷ്ട്രീയ എതിരാളികളായ ഇടതുസഖ്യത്തിന്റെ നേതാക്കളുമായും മമത വേദി പങ്കിടും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം
അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരും പങ്കെടുക്കുമെന്ന് അറിയിച്ചതായി ജെഡിയു വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.
'രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ ഐക്യവും, ആത്മസമര്‍പ്പണവും ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ്'. അധികാരത്തിലിരിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. ജൂണ്‍ 23ന് മുമ്പ് പ്രതിപക്ഷത്തെ ഭൂരിഭാഗം നേതാക്കളും ഡിഎംകെയുടെ നേതാവായിരുന്ന കരുണാനിധിയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തും. ചെന്നൈയിലാണ് ചടങ്ങ് നടക്കുക.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യമായ ഒരു പൊതു തന്ത്രം എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്നതാണ് പട്‌നയിലെ പ്രതിപക്ഷ യോഗത്തിന്റെ പ്രധാന അജണ്ട. ബിജെപിക്കെതിരെ ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥി എന്ന തന്ത്രമാണ് നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചത്. ഇത് അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷേ ഇത് നടപ്പാക്കുക ബുദ്ധിമുട്ടാണ്. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് സംസ്ഥാന തലത്തില്‍ പലയിടത്തും പ്രത്യേക താല്‍പര്യമുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്ന് പറയാനാവില്ല. ഇവിടെ തൃണമൂലിനെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യം വേണമെന്ന നിലപാടിലേക്ക് എത്തിയത്.
സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഡല്‍ഹിയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ശ്രമങ്ങളും ശത്രുത മറന്ന് ഒന്നിക്കാന്‍ കോണ്‍ഗ്രസിനെയും എഎപിയെയും പ്രേരിപ്പിച്ച കാര്യമാണ്. എന്നാല്‍ ഈ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് എഎപിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടില്ല. ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ അത് പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ വിജയമായി മാറിയേക്കും.












Click it and Unblock the Notifications