നരേന്ദ്ര മോദി മറുപടി പറയണം: ഇന്ത്യക്കാരെ അമേരിക്ക വിലങ്ങുവെച്ച് നാടുകടത്തിയില്‍ വന്‍ പ്രതിഷേധം
ഡല്‍ഹി: ഇന്ത്യക്കാരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ട് നാടുകടത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികള്‍. പാർലമെന്റിന് അകത്തും കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസം എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. "ഇന്ത്യൻ പൗരന്മാരെ അമേരിക്ക മനുഷ്യത്വരഹിതമായി നാടുകടത്തിയതിനെ കുറിച്ചും ഇന്ത്യൻ ജനതയെ അപമാനിക്കുന്നതും മോശമായി പെരുമാറുന്നതും തടയാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതും ചർച്ച ചെയ്യണം." മാണിക്കം ടാഗോർ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലൂടെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
'ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് രാജ്യത്തേക്കര് തിരികെ കൊണ്ടുവരുന്നത് കാണേണ്ടി വന്നത് വളരെ വേദനാജനകവും അപമാനകരവുമാണ്... ഈ സർക്കാർ എന്തിനാണ് വിഷയത്തില്‍ ഇത്രയും നിശബ്ദത പാലിക്കുന്നത്?' മാണിക്കം ടാഗോർ ചോദിച്ചു. ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തുന്നത് ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ റൂൾ 267 പ്രകാരം ബിസിനസ് സസ്‌പെൻഷൻ നോട്ടീസും നൽകി.

വിഷയത്തില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും സർക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. "പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഇവിടെ ധാരാളം ചർച്ചകള്‍ നടന്നിരുന്നു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നമുക്ക് നമ്മുടെ വിമാനം അയയ്ക്കാൻ കഴിയുമായിരുന്നില്ലേ? പ്രധാനമന്ത്രി ഇതിനെല്ലാം ഉത്തരം നൽകണം." പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അമേരിക്കയിൽ നിന്നുള്ള നാടുകടത്തൽ അത്യന്തം നിർഭാഗ്യകരമാണെന്ന് എ എ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലും അഭിപ്രായപ്പെട്ടു. അമേരിക്കൻ സൈനിക വിമാനത്തിൽ വിലങ്ങുവച്ച് ഇന്ത്യൻ പൗരന്മാരെ കൊണ്ടിറക്കുന്ന കാഴ്ച ഇന്ത്യയ്ക്ക് അപമാനകരമാണ്. കൊളംബിയ പോലുള്ള രാജ്യങ്ങൾ ഈ നടപടിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാൽ, ഇന്ത്യാ രാജ്യത്തിന് തന്നെ അപമാനകരമായ ഇത്തരം പ്രവണതകൾ അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ഉപയോഗിച്ച് ഒഴിവാക്കാൻ കഴിയാതിരുന്നത് വിദേശകാര്യമന്ത്രാലയത്തിന്റെ നയതന്ത്ര പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയം ഞങ്ങൾ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ നയതന്ത്ര ചർച്ചകൾ എന്താണെന്ന് അറിയാൻ താല്പര്യമുണ്ട്. നാടു കടത്തുന്നവരുടെ ലിസ്റ്റിൽ 18000 ഇന്ത്യക്കാരുണ്ടെന്നാണ് അറിയുന്നത്. ഇനിയും ഇതുപോലുള്ള സൈനിക വിമാനങ്ങളിൽ ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങ് വച്ച് കൊണ്ടുവരുമോ? അറിയേണ്ടതുണ്ട്.
കുടിയേറ്റക്കാർ എങ്ങനെയുണ്ടായെന്ന് നമുക്കറിയാം. ഇവിടെ ജോലി ലഭിക്കാതെ വന്നപ്പോൾ കുടിയേറിയവരാണ് മിക്കവാറും ആളുകൾ. ഇപ്പോൾ അമേരിക്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ ക്രിമിനലുകൾ ഉണ്ടെങ്കിൽ അത് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഈ കൂട്ടത്തിൽ നിരപരാധികളായ നിരവധി പേരുണ്ടെന്ന് നമുക്കറിയാം. കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ വ്യക്തമായ ഒരു നിലപാടില്ല എന്നാണ് നമുക്ക് മനസ്സിലാക്കാനാകുന്നത്.
പാർലമെന്റിൽ ഇത് സംബന്ധിച്ച ചർച്ച വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. അമേരിക്ക പറയുന്നതെല്ലാം അതേ രീതിയിൽ നടപ്പിലാക്കാമെന്ന് ഇന്ത്യ തീരുമാനിച്ചാൽ അത് രാജ്യത്തിന് അപമാനകരമാണ്. ഈ വിഷയത്തിൽ സർക്കാർ ഉത്തരവാദിത്ത ബോധത്തോടെ ഇടപെടുന്നില്ല. എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ജനങ്ങളോടും പാർലമെന്റിലും പറയേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള സൈനിക വിമാനം ഡല്‍ഹിയില്‍ ഇറക്കാതെ അമൃത്സറില്‍ ഇറക്കിയതിലും വിമർശനം ശക്തമാണ്. പഞ്ചാബിൽ നിന്നുള്ളതിനേക്കാൾ ഗുജറാത്ത് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ നാടുകടത്തപ്പെട്ടതെന്ന്.പഞ്ചാബ് അന്താരാഷ്ട്ര വിമാന സർവീസുകൾ ആവശ്യപ്പെടുമ്പോൾ, പഞ്ചാബിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഡൽഹി വിമാനത്താവളങ്ങൾക്ക് മാത്രമേ അനുമതി നൽകൂ. എന്നാൽ അപകീർത്തികരമായ ഒരുകാര്യം നടന്നപ്പോള്‍ പഞ്ചാബില്‍ വിമാനം ഇറക്കിയത് എന്തുകൊണ്ടാണെന്നും ജലന്ധറില്‍ നിന്നും കോണ്‍ഗ്രസ് എം എല്‍ എ പർഗത് സിംഗ് ചോദിച്ചു.












Click it and Unblock the Notifications