'ഭാരതാംബക്ക് കാവൽ നിൽക്കുന്നത് ഞാനെന്ന് പാക്കിസ്ഥാൻ മറന്നു,തിരിച്ചടിച്ച് 22 മിനിറ്റ് കൊണ്ട്'; മോദി
ഡൽഹി: ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിന് ഇന്ത്യ മറുപടി കൊടുത്തത് വെറും 22 മിനിറ്റ് കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ പ്രധാനപ്പെട്ട 9 ഭീകരകേന്ദ്രങ്ങളാണ് നമ്മൾ തകർത്തത്. സിന്ദൂരം വെടിമരുന്നാകുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് ലോകത്തിന്റേയും രാജ്യത്തിന്റേയും ശത്രുക്കൾ തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
' അഞ്ച് വർഷം മുമ്പ് രാജ്യം ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയതിന് ശേഷം രാജസ്ഥാൻ അതിർത്തിയിൽ നടന്ന പൊതുയോഗത്തിലാണ് ഞാൻ ആദ്യമായി സംസാരിച്ചത്. ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിന് ശേഷവും അതേ വീരഭൂമിയുടെ അതിർത്തിയായ ബിക്കാനീറിൽ ഞാൻ എത്തിയിരിക്കുന്നു. വീരഭൂമിയുടെ തപസ്സ് മൂലമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്.

രക്തമല്ല സിന്ദൂരമാണ് എന്റെ ഞരമ്പിൽ തിളക്കുന്നത്. ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യ ഒറ്റക്കെട്ടായിി നിന്നു. ആ വെടിയുണ്ടകൾ തുളച്ചുകയറിയത് 140 കോടി ഇന്ത്യക്കാരിലുമാണ്. ഭീകരവാദത്തെ അതിന്റെ കേന്ദ്രത്തിൽ പോയി തന്നെ നമ്മൾ തകർത്തു. സർക്കാർ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. സായുധ സേന പാക്കിസ്ഥാനെ യഥാർത്ഥത്തിൽ മുട്ടുകുത്തിച്ചു. പഹൽഗാമിൽ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച് കളഞ്ഞവർ ഇന്ന് ചാരമായി. ഇന്ത്യ നിശബ്ദമായിരിക്കുമെന്ന് കരുതിയവർ ഇന്ന് സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുകയാണ്. ആയുധങ്ങൾ ഉണ്ടെന്ന് അഭിമാനിച്ചിരുന്നവർ അതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കഴിയുകയാണ്, മോദി പറഞ്ഞു.
'രാജസ്ഥാനിലെ ഈ ധീരഭൂമി നമ്മളെ പഠിപ്പിക്കുന്നത് രാജ്യത്തേക്കാളും പൗരൻമാരേക്കാളും വലുതായി ഒന്നുമില്ലെന്നാണ്. ഏപ്രിൽ 22 ന് തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് കളഞ്ഞു. അവരുടെ മതത്തെ കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. പഹൽഗാമിന്റെ മണ്ണിലാണ് വെടിയുണ്ടകൾ ഭീകരവാദികൾ ഉതിർത്തത്. പക്ഷേ 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കാണ് വെടിയുണ്ട തുളച്ച് കയറിയത്. ആ ആക്രമണത്തോടെ തീവ്രവാദികളെ ഈ ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ 140 കോടി ഇന്ത്യക്കാരും തീരുമാനമെടുത്തു. ഭീകരവാദത്തിലൂടെ ഇന്ത്യയിൽ ഭയം വിതയ്ക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഭാരത്തതിന് കാവൽ നിൽക്കുന്നത് മോദിയാണെന്ന് ഭീകരർ മറന്നു. ഭീകരവാദികൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ പ്രഹരം അവർക്ക് മേൽ ഏൽപ്പിക്കാൻ നമ്മുക്ക് സാധിക്കും. ഭീകരതെ പൂർണമായും ഇല്ലാതാക്കുന്ന പുതിയ ഭാരതമാണിത്', മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications