നാലാം ദിവസവും തുടര്‍ച്ചയായ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; കുപ്‌വാര, പൂഞ്ച് മേഖലയില്‍ വെടിവയ്പ്പ്
ശ്രീനഗര്‍: തുടര്‍ച്ചയായ നാലാം ദിവസവും ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിവയ്പ് തുടര്‍ന്ന് പാകിസ്ഥാന്‍. പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഞായറാഴ്ച രാത്രി നിരന്തരം പാക് സൈന്യം വെടിയുതിര്‍ത്തതായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തികളില്‍ സംഘര്‍ഷം വഷളാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് കുപ്‌വാര, പൂഞ്ച് മേഖലയില്‍ രാത്രി മുഴുവന്‍ പ്രകോപനം ഉണ്ടായത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് പാക് സൈന്യം നിയന്ത്രണ രേഖയ്ക്കപ്പുറത്ത് നിന്ന് വെടിയുതിര്‍ക്കുന്നത്. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിവച്ചു.

2021 ഫെബ്രുവരിയിലെ വെടിനിര്‍ത്തല്‍ കരാറിനെ ലംഘിക്കുന്നതാണ് പാക് സൈന്യത്തിന്റെ നടപടി. വെടിവയ്പ്പില്‍ ആള്‍നാശം സംഭവിച്ചിട്ടില്ലെങ്കിലും അതീവ ജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണ രേഖയില്‍ ഉടനീളം കശ്മീരിലെ നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവയ്പ്പുണ്ടായി. പുല്‍വാമ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഏതു നിമിഷം ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നത്.
വടക്കന്‍ കശ്മീരിലുടനീളം ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം പ്രകോപനം തുടരുന്നത്. നയതന്ത്ര തലത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന പ്രതികാര നടപടികളാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചതടക്കമുള്ള ഇന്ത്യന്‍ നടപടികളാണ് പ്രകോപനത്തിന് കാരണം. ഇതുകൂടാതെ, നയതന്ത്ര തലത്തില്‍ നിരവധി നടപടികളാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരേ സ്വീകരിക്കുന്നത്. ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ രാജ്യം വിട്ടുപോകാനുള്ള സമയപരിധി ഇതിനകം അവസാനിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ നല്‍കിവരുന്ന എല്ലാ വിസ സേവനങ്ങളും നിര്‍ത്തിവച്ചു. ഇതിനെല്ലാമുള്ള മറുപടിയായി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാകിസ്ഥാനു മേല്‍ ഏര്‍പ്പെടുത്തുന്ന ഏതു ഉപരോധങ്ങളും ആ രാജ്യത്തെ കടുത്ത സമ്മര്‍ദത്തിലാക്കും. മരുന്ന് ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുമെന്നാണ് മുന്നറിയിപ്പുള്ളത്.
26 നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കും തീവ്രവാദികളെ പിന്തുണച്ചവര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പാകിസ്ഥാനില്‍ വേരുറപ്പിച്ചിട്ടുള്ള തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് പഹല്‍ഗാം ഭീകരാക്രമണം നടപ്പാക്കിയത്. ആക്രമണത്തിന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുമുണ്ടെന്ന് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടാണ് ഇന്ത്യയ്ക്ക് എപ്പോഴും ഭീഷണി ഉയര്‍ത്തുന്നതെന്ന് അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് പങ്കില്ലെന്ന സ്ഥിരം പല്ലവിയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ തീവ്രവാദത്തിനെതിരേ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് നരേന്ദ്ര മോഡി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും 140 കോടി ഇന്ത്യക്കാരുടെ ഐക്യദാര്‍ഢ്യവുമാണ് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ നമ്മുടെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ കാശ്മീരിലെ നിരവധി വീടുകള്‍ ഇന്ത്യന്‍ സൈന്യവും കാശ്മീര്‍ പൊലീസും ചേര്‍ന്ന് തകര്‍ത്തിരുന്നു. അതിനിടെ ഭീകരാക്രമണ കേസിന്റെ ചുമതല എന്‍ഐഎ ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications