"ഇഗോയുടെ ഇഷ്ടികകൾ" കൊണ്ടല്ല ഭരണഘടനാ മൂല്യങ്ങളിലൂടെയാണ് പാർലമെന്റ് നിർമ്മിച്ചത്: രാഹുല്‍
ദില്ലി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് നിർമ്മിച്ചിരിക്കുന്നത് "ഈഗോയുടെ ഇഷ്ടികകൾ" കൊണ്ടല്ലെന്നും ഭരണഘടനാ മൂല്യങ്ങളിലൂടെയാണെന്നും മുൻ എ ഐ സി സി അധ്യക്ഷൻ പറഞ്ഞു.
കോൺഗ്രസ്, ഇടതുപക്ഷം, എ എ പി, ടി എം സി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിനെതിരേയും ബി ജെ പിക്കെതിരേയും വിമർശനം ശക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

"പാർലമെന്റ് നിർമ്മിച്ചിരിക്കുന്നത് ഇഗോയുടെ ഇഷ്ടികകൾ കൊണ്ടല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളിലൂടെയാണ്," - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മെയ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ വലിയ വിമർശനമാണ് പ്രതിപക്ഷം നടത്തുന്നത്. രാഷ്ട്രപതി ഇന്ത്യയിലെ രാഷ്ട്രത്തലവൻ മാത്രമല്ല, പാർലമെന്റിന്റെ അവിഭാജ്യ ഘടകവും കൂടിയാണ്. എന്നാല്‍ ബി ജെ പി ആ പദവിയെ അവഹേളിക്കുകയാണെന്നുമാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
"പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനം ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഈ സ്വേച്ഛാധിപത്യ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ അക്ഷരത്തിലും ആത്മാവിലും സത്തയിലും ഞങ്ങൾ പോരാടുന്നത് തുടരും, ഞങ്ങളുടെ സന്ദേശം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും. ഇന്ത്യയിലെ ജനങ്ങൾ," - പ്രതിപക്ഷ പാർട്ടികള്‍ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ചടങ്ങില്‍ പങ്കെടുക്കുമെന്ന് ശിരോമണി അകാലി ദള്‍
അതേസമയം, പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ശിരോമണി അകാലിദൾ (എസ് എഡി) അറിയിച്ചു. "പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്, അതിനാൽ മെയ് 28 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എസ് എഡി പാർട്ടി പങ്കെടുക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങളോട് ഞങ്ങൾക്ക് യോജിപ്പില്ല," എസ്എഡി നേതാവ് പറഞ്ഞു. ദൽജിത് സിംഗ് ചീമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ പറഞ്ഞു.












Click it and Unblock the Notifications