നരേഷ് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; തന്ത്രം മെനയാന്‍ കിഷോറും, ഗുജറാത്തില്‍ ആഞ്ഞുപിടിക്കാന്‍ രാഹുല്‍...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നു. പ്രമുഖ വ്യവസായിയും പട്ടേല്‍ സമുദായ നേതാവുമായ നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു. പട്ടേല്‍ സമുദായം ഗുജറാത്തിലെ വോട്ട് ബാങ്കില്‍ മുഖ്യഘടകമാണ്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് നരേഷ് പട്ടേല്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ ഏതെങ്കിലും ഒരു പാര്‍ട്ടിയിലാകും അദ്ദേഹം ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹേമങ് വസവ്ദ പറയുന്നത്, നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രശാന്ത് കിഷോറും നരേഷ് പട്ടേലും ചേര്‍ന്നാല്‍ ഗുജറാത്തില്‍ ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.

വിജയം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നരേഷ് പട്ടേലാണ് എത്തുക എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം തള്ളുകയാണ് വസവ്ദ ചെയ്തത്. നരേഷ് പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശരിയല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്ന് വസവ്ദ പറഞ്ഞു.
ഖോദല്‍ധാം ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് നരേഷ് പട്ടേല്‍. പട്ടേല്‍ സമുദായം വലിയ പ്രാധാന്യത്തോടെ കാണുന്ന ക്ഷേത്രമാണിത്. ശക്തനായ ഒരു നേതാവിനെ കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് നിരീക്ഷണം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഗ്നി പരീക്ഷണമാണ്. കാരണം, അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.
കോണ്‍ഗ്രസിന്റെ പതനം പൂര്‍ണമാകുന്നു എന്ന പ്രചാരണത്തിന് ഇത് കാരണമായിട്ടുണ്ട്. മാത്രമല്ല, പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എഎപി ഭരണം പിടിച്ചതും പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ബിജെപിക്ക് ശേഷം എഎപി എന്ന നിലയിലേക്ക് രാഷ്ട്രീയം മാറുകയാണെന്ന് എന്നാണ് പ്രചാരണം. ഈ സാഹചര്യത്തിലാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിമയസഭാ തിരഞ്ഞെടുപ്പ് വരുന്നത്.
20 വര്‍ഷമായി കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഭരണം പിടിച്ച ശേഷം ബിജെപിക്ക് ഇതുവരെ അധികാരം നഷ്ടമായിട്ടില്ല. മോദിക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള മണ്ണാണ് ഗുജറാത്തിലേത്. യുപിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ആദ്യം പോയത് ഗുജറാത്തിലേക്കാണ്. യുപിയിലെ വിജയം അദ്ദേഹം ആഘോഷമാക്കിയത് ഗുജറാത്തിലാണ്. ഇത് ഗുജറാത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് കോണ്‍ഗ്രസിന്റെ പടയൊരുക്കം.
നരേഷ് പട്ടേലും പ്രശാന്ത് കിഷോറും ഒരുമിച്ച് നീങ്ങിയാല്‍ ഗുജറാത്തില്‍ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. സൗരാഷ്ട്ര മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് നരേഷ് പട്ടേല്‍. എന്നാല്‍ നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എഎപി പ്രതികരിച്ചു. തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. നരേഷ് പട്ടേലിന് ചേരാന്‍ അനിയോജ്യം ബിജെപിയാണ് എന്ന് മുഖ്യമന്ത്രി ഭൂപീന്ദര്‍ പട്ടേല്‍ പറഞ്ഞു. നരേഷ് പട്ടേല്‍ ഇതുവരെ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. അണികളുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് നരേഷ് പട്ടേല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.












Click it and Unblock the Notifications