സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്ക്; അടുത്ത മാസം സുപ്രീംകോടതിയില്‍ വാദം
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന ചരിത്രവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ഡിവൈ ചന്ദ്രചൂഢ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സ്വവര്‍ഗ ദമ്പതികളുടെ വിവാഹം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഏപ്രില്‍ 18 ന് വാദം കേള്‍ക്കും. നേരത്തെ സ്വവര്‍ഗ വിവാഹത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു.
വ്യക്തിനിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയ്ക്കും അംഗീകൃത സാമൂഹിക മൂല്യങ്ങള്‍ക്കും ഇത് തകരാര്‍ ഉണ്ടാക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു കൂട്ടം ഹര്‍ജികള്‍ ആണ് സുപ്രീംകോടതിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്.
ഐ പി സി 377-ാം വകുപ്പ് ക്രിമിനലൈസ് ചെയ്തിട്ടില്ലെങ്കിലും, രാജ്യത്തെ നിയമപ്രകാരം സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം ലഭിക്കാനുള്ള മൗലികാവകാശം ഹരജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം ഏതെങ്കിലും ക്രോഡീകരിക്കാത്തതോ ക്രോഡീകരിച്ചതോ ആയ നിയമപരമായ നിയമങ്ങളില്‍ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു.
സ്വവര്‍ഗ ലൈംഗികത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജികള്‍ എത്തിയിരിക്കുന്നത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2018ലെ ചരിത്രവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്നു ഡി വൈ ചന്ദ്രചൂഢ്.
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടുന്ന 19 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഹൈക്കോടതികളില്‍ നിന്ന് സുപ്രീംകോടതി വിളിച്ച് വരുത്തിയ ഹര്‍ജികളും ഉണ്ട്.












Click it and Unblock the Notifications