എന്റെ മകനെ ഭീകരനെന്ന് വിളിക്കരുത്, കരഞ്ഞുകൊണ്ട് കനയ്യ കുമാറിന്റെ അമ്മ പറയുന്നു
ദില്ലി: ദൈവത്തെയോര്‍ത്ത് എന്റെ മകനെ രാജ്യദ്രോഹിയെന്നു വിളിക്കരുത്, ഒരമ്മയുടെ വാക്കുകളാണിത്. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്‌ത കനയ്യ കുമാറിന്റെ അമ്മയുടെ വാക്കുകളാണിത്. മകന്‍ അറസ്റ്റിലായതു മുതല്‍ മാതാവ് മീനാ ദേവി പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുകയാണ്.
അപ്പോഴാണ് മകന് തീവ്രവാദ ബന്ധമുണ്ടെന്നും രാജ്യദ്രോഹിയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ആ അമ്മ കേള്‍ക്കുന്നത്. പോലീസ് തന്റെ മകനെ മര്‍ദ്ദിക്കില്ലെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍, അതിനേക്കാള്‍ വേദന മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുമ്പോഴാണ്. മാതാപിതാക്കളെയും രാജ്യത്തെയും അവന്‍ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും മീനാ ദേവി പറയുന്നു.

എന്റെ മകനെ ഭീകരനെന്ന് വിളിക്കരുത്. അവന് അങ്ങനെയാകാന്‍ ഒരിക്കലും സാധിക്കില്ലെന്നും അമ്മ പറയുന്നു. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് കനയ്യ കുമാര്‍. മൂത്ത മകനും ആ അമ്മയും ജോലിയെടുത്തിട്ടു വേണം ആ കുടുംബം കഴിഞ്ഞു പോകാന്‍. പിതാവിന് അസുഖത്തെ തുടര്‍ന്ന് ജോലിക്കു പോകാന്‍ സാധിക്കില്ല.
ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ വൈരാഗ്യമാണ് തന്റെ മകനോട് ഇപ്പോള്‍ കാണിക്കുന്നതെന്ന് കനയ്യയുടെ പിതാവ് പറഞ്ഞു. മറ്റു യുവാക്കളെ പോലെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് കനയ്യയെന്നും ആ അച്ഛന്‍ പറയുന്നു.












Click it and Unblock the Notifications