പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച; അന്വേഷണ സമിതി പ്രഖ്യാപിച്ച് സുപ്രീം കോടതി
ദില്ലി; പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി പ്രഖ്യാപിച്ച് സുപ്രീം കോടതി. മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അന്വേഷണത്തിന് നേതൃത്വം നൽകും.ചീഫ് ജസ്റ്റിസ് എൻവി രമണ ,ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.

അന്വേഷണം ഏകപക്ഷീയമായമാകരുതെന്നും സ്വതന്ത്ര അന്വേഷണമാണ് വിഷയത്തിൽ ആവശ്യമെന്നും സുപ്രീം കോടതി പറഞ്ഞു.ചണ്ഡിഗഡ് ഡി ജി പി, ദേശീയ അന്വേഷണ ഏജൻസി ഐ ജി , പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ, പഞ്ചാബിലെ എ ഡി ജി പി (സുരക്ഷാ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സുരക്ഷ വീഴ്ചയുടെ കാരണം, ആരാണ് ആരാണ് ഉത്തരവാദിയെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകൾ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കും.
സുരക്ഷാ വീഴ്ച അന്വേഷിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര സമിതി രൂപീകരിക്കുമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാ അന്വേഷണങ്ങളും നിർത്തണമെന്നും കോടതി പറഞ്ഞിരുന്നു.
സുരക്ഷാ വീഴ്ചയിൽ കേന്ദ്ര സർക്കാരും പഞ്ചാബ് സർക്കാരും രൂപീകരിച്ച സമിതികൾ അന്വേഷണം നടത്തേണ്ടതില്ലന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
ജനുവരി 5ന് ഫിറോസ്പൂർ ജില്ല സന്ദർശിക്കാനിരിക്കേയായിരുന്നു സുരക്ഷാ വീഴ്ച. കർഷക പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കിടന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്.












Click it and Unblock the Notifications