സോണിയയുടെ ചോദ്യം ചെയ്യൽ: വിജയ് ചൗക്കിൽ പ്രതിഷേധവുമായി കോൺഗ്രസ്, 66 എംപിമാർ കസ്റ്റഡിയിൽ
ദില്ലി: സോണിയാ ഗാന്ധിയെ ഇഡി മൂന്നാം ദിവസവും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് വന്‍ കോണ്‍ഗ്രസ് പ്രതിഷേധം. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ദുരുപയോഗപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നയിച്ച മാര്‍ച്ച് ഇന്നും പോലീസ് വിജയ് ചൗക്കില്‍ തടഞ്ഞു.
പ്രതിഷേധിച്ച 66 കോണ്‍ഗ്രസ് എംപിമാരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ കയറ്റിയ തങ്ങളെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് പോലീസ് പറയുന്നില്ലെന്നും തങ്ങള്‍ വിജയ് ചൗക്കില്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു എന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു. മനീഷ് തിവാരി, ജയറാം രമേശ്, അജയ് മാക്കന്‍, ഹരീഷ് റാവത്ത് അടക്കമുളള മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെയാണ് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വനിതാ എംപിമാരെ പോലീസ് വലിച്ചിഴച്ചാണ് നീക്കിയത്. രണ്ടാം ദിവസവും കോണ്‍ഗ്രസിന്റെ എംപിമാരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വിലക്കയറ്റത്തിന് എതിരെയും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെയും രാഷ്ട്രപതിക്ക് നിവേദനം നല്‍കുകയായിരുന്നു തങ്ങളുടെ ശ്രമം. എന്നാല്‍ പാര്‍ലമെന്റ് വിട്ടതിന് പിന്നാലെ തന്നെ തങ്ങളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു. പോലീസ് വാഹനത്തില്‍ നിന്നാണ് മനീഷ് തിവാരി വീഡിയോ പ്രതികരണം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നിലും ഇന്ന് മഹിളാ കോണ്‍ഗ്രസിന്റെ അടക്കം പ്രതിഷേധം നടന്നു. ഭജന്‍ ചൊല്ലിക്കൊണ്ട് വനിതാ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരുന്നു. പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. യൂത്ത് കോണ്‍ഗ്രസും എന്‍എസ് യുവും പ്രതിഷേധവുമായി രംഗത്തുണ്ട്. എന്‍ എസ് യു ദേശീയ പ്രസിഡണ്ട് നീരജ് കുന്ദനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസും അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയിലാണ്. പോലീസുമായുളള സംഘര്‍ഷത്തില്‍ നീരജ് അടക്കമുളളവര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടത് പ്രതിപക്ഷമില്ലാത്ത രാജ്യമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു












Click it and Unblock the Notifications