പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കും? ഡല്‍ഹിയില്‍ നിര്‍ണായക യോഗം, വിലയിരുത്തി അമിത് ഷാ
ല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ രാജ്യത്തെ പ്രധാന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തതും കസ്റ്റഡിയിലെടുത്തതും ഇതിന്റെ ഭാഗമാണെന്ന് സൂചന. നൂറിലധികം നേതാക്കളെയാണ് എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ അറസ്റ്റിലായവരെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. എന്‍ഐഎ രഹസ്യമായിട്ടാണ് റെയ്ഡ് ആരംഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് തുടങ്ങിയ റെയ്ഡ് പകല്‍ 11ഓടെ അവസാനിച്ചു.

തൊട്ടുപിന്നലെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്‍ഐഎ ഡയറക്ടറും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സംഘടന തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വെയും ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. പോലീസ് സുരക്ഷ ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഉന്നത നേതാക്കളെ യുഎപിഎ കേസില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് വിവരം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തിച്ചുനല്‍കി, നിരോധിത സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയ ആരോപണവും എന്‍ഐഎ ഉന്നയിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം തള്ളിക്കളയാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്‍ഐഎ രാജ്യത്തുടനീളം ഒരേ സമയം റെയ്ഡ് നടത്തിയതത്രെ. 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. 106 പേര്‍ അറസ്റ്റിലായി എന്നാണ് വിവരം. എണ്ണം ചിലപ്പോള്‍ ഉയര്‍ന്നേക്കാം. കേരളത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്തകള്‍. ഇതില്‍ ചിലരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു. എന്‍ഐഎ ഓഫീസില്‍ വച്ചു തന്നെ ഇവര്‍ക്ക് വൈദ്യ പരിശോധന നടത്തി.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അറസ്റ്റിലായവരെ ഡല്‍ഹിയിലെത്തിക്കും. വ്യാഴാഴ്ച രാത്രിയോടെ ഈ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. വിവിധ ജയിലുകളിലായി പാര്‍പ്പിക്കാനാണ് ആലോചന. കേരളത്തില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും 20 പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, അസം, യുപി, ആന്ധ്ര, മധ്യപ്രദേശ്, പുതുച്ചേരി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലും അറസ്റ്റുണ്ടായി.
സിഎഎ വിരുദ്ധ സമരം- 2020ലെ ഡല്‍ഹി കലാപം എന്നിവയ്ക്ക് പണം നല്‍കി, ഹത്രാസ് ദളിത് പീഡനത്തിന്റെ മറവില്‍ സംഘര്‍ഷത്തിന് ശ്രമിച്ചു തുടങ്ങി വിവിധ ആരോപണങ്ങളാണ് അന്വേഷണ സംഘം പിഎഫ്‌ഐക്കെതിരേ ഉന്നയിക്കുന്നത്. ലഖ്‌നൗവിലെ കോടതിയില്‍ ഇഡി സമര്‍പ്പിച്ച രണ്ടു കുറ്റപത്രങ്ങളിലാണ് പിഎഫ്‌ഐക്കെതിരെ പരാമര്‍ശമുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഈ വര്‍ഷവുമാണ് ഈ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications