മൗനം വെടിഞ്ഞ് പ്രശാന്ത് കിഷോര്‍, 'ബിഹാർ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു, പക്ഷേ തെളിവില്ല'
ന്യൂ ഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ മൗനം വെടിഞ്ഞ് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നും എന്നാല്‍ അതിനുളള തെളിവുകള്‍ ഈ ഘട്ടത്തില്‍ ഇല്ലെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല.
ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വി തകര്‍ത്ത് കളഞ്ഞുവെന്നും എന്നാല്‍ തങ്ങളുടെ പ്രചാരണത്തിന് അടിത്തട്ടില്‍ ഓളമുണ്ടാക്കാന്‍ സാധിച്ചുവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഒരു മാസം നീണ്ട ജന്‍ സുരാജ് യാത്രയില്‍ തന്റെ ടീം സംസ്ഥാനത്ത് നിന്ന് ശേഖരിച്ച ഫീഡ്ബാക്കുമായി സാമ്യമില്ലാത്ത തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് ട്രെന്‍ഡ്. അതുകൊണ്ട് തന്നെ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

ചില അദൃശ്യശക്തികള്‍ കളിച്ചു എന്ന് വേണം കരുതാന്‍. ജനങ്ങള്‍ ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് ലക്ഷക്കണക്കിന് വോട്ട് കിട്ടി. ചിലര്‍ തന്നോട് ആവശ്യപ്പെടുന്നത് ശബ്ദം ഉയര്‍ത്താനും വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് പറയാനുമാണ്. ഇത് തോറ്റതിന് ശേഷം എല്ലാവരും പറയുന്നതാണ്. എന്റെ പക്കല്‍ അതിനുളള തെളിവില്ല. പക്ഷേ ചില കണക്കുകള്‍ കൃത്യമാകുന്നില്ല. പ്രാഥമിക പരിശോധനയില്‍ മനസ്സിലാകുന്നത് കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ്, പ്രശാന്ത് കിഷോര്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications