13 മണിക്കൂറിൽ 8 ആശുപത്രികൾ കയറി ഇറങ്ങി, ഉത്തർ പ്രദേശിൽ ഗർഭിണിക്ക് ചികിത്സ കിട്ടാതെ ആംബുലൻസിൽ അന്ത്യം
ലഖ്‌നൗ: മണിക്കൂറുകളോളം ചികിത്സ നിഷേധിക്കപ്പെട്ട് ഉത്തര്‍ പ്രദേശില്‍ ഗര്‍ഭിണിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം. നീലം എന്ന 30 വയസ്സുകാരിയാണ് ദാരുണമായി മരണപ്പെട്ടത്. നീലം 8 മാസം ഗര്‍ഭിണിയായിരുന്നു. 13 മണിക്കൂറോളമാണ് നീലത്തിനേയും കൊണ്ട് ഭര്‍ത്താവ് വിജേന്ദര്‍ സിംഗ് ആശുപത്രികള്‍ തോറും കയറി ഇറങ്ങിയത്.
സര്‍ക്കാര്‍ ഉടമസ്ഥയിലുളളതടക്കം 8 ആശുപത്രികളിലാണ് ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് വിജേന്ദര്‍ കയറി ഇറങ്ങിയത്. എന്നാല്‍ ഒരിടത്ത് പോലും നീലത്തിനെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃര്‍ തയ്യാറായില്ല. കിടക്ക ഒഴിവില്ലെന്നതടക്കമുളള ന്യായം പറഞ്ഞാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ആംബുലന്‍സില്‍ കിടന്ന് നീലം മരണത്തിന് കീഴടങ്ങി.

ഗര്‍ഭിണിയുടെ മരണത്തില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നോയിഡയിലെ ഖോഡ കോളനിയിലാണ് നീലത്തിന്റെ കുടുംബം താമസിക്കുന്നത്. പ്രസവ സംബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ നീലത്തിനുണ്ടായിരുന്നു. ശിവാലിക് എന്ന സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു നീലം ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച നീലത്തിനെ ഇവിടെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്.
അവിടെ നിന്ന് ഇഎസ്‌ഐ ആശുപത്രിയിലും പിന്നീട് സെക്ടര്‍ 30ലെ ആശുപത്രിയിലും ശാര്‍ദ ആശുപത്രിയിലും ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമടക്കം നീലത്തിനേയും കൊണ്ട് പോയെന്നും എന്നാണ് എവിടെയും അഡ്മിറ്റ് ചെയ്തില്ലെന്നും വിജേന്ദര്‍ സിംഗ് പറയുന്നു. ആശുപത്രികളെ കുറ്റപ്പെടുത്തുന്ന വിജേന്ദര്‍ സിംഗിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
ഒടുവില്‍ ജിഐഎംഎസ് ആശുപത്രിയില്‍ നീലത്തിനെ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഗൗതം ബുദ്ധ് നഗറില്‍ ഇത്തരത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട് തുടര്‍ച്ചയായി നടക്കുന്ന രണ്ടാമത്തെ മരണം ആണിത്. മെയ് 25ന് നവജാത ശിശു ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു. ഗ്രേറ്റര്‍ നോയിഡയ്ക്കും നോയിഡയ്ക്കും ഇടയില്‍ കുഞ്ഞിനേയും കൊണ്ട് അച്ഛന്‍ ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications